ഗുണ്ടകൾ ആരായാലും ആ പണി നിർത്തുന്നതാണ് നല്ലത്, എവിടെയുണ്ടെങ്കിലും പൊക്കും; വെടിവെച്ച് ഗുണ്ടയെ പിടിച്ച പൊലീസിന് ആഭ്യന്തര മന്ത്രിയുടെ അഭിനന്ദനം

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ വധശ്രമ കേസിലെ പ്രതിയായ ബി ജെ പി കൗൺസിലർ ആർ സുഗതനെ അറസ്റ്റ് ചെയ്തതിൽ പൊലീസിനെ അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൗൺസിലറുടെ അറസ്റ്റിൽ അസ്വഭാവികത ഇല്ലെന്നും ഗുണ്ടകളുടെ പറുദീസയായി കേരളത്തെ മാറ്റില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
ഗുണ്ടകൾ ആരായാലും എവിടെയുണ്ടെങ്കിലും ആ പണി നിർത്തുന്നതാണ് നല്ലത്. ഇക്കാര്യത്തിൽ പൊലീസ് കർശനമായ നടപടികൾ സ്വീകരിക്കും. ആകാശത്തേക്ക് വെടിവെച്ച് ഗുണ്ടയെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
പ്രതിയെ പിടിക്കുമ്പോൾ ആരോപണങ്ങൾ ഉന്നയിച്ച് പൊലീസിന്റെ മനോവിര്യം തകർക്കാൻ ശ്രമിക്കണ്ട. പ്രതിയുടെ കുട്ടിയെ ആക്രമിച്ചല്ലോ എന്ന ചോദ്യത്തോട് കള്ളക്കഥകൾ ഇറക്കി പൊലീസിന്‍റെ മനോവിര്യം തകർക്കാൻ ആരും ശ്രമിക്കരുതെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
അതേസമയം ഇന്നലെ രാത്രി വീട് വളഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്ത വാഴോട്ടുകോണം ബി ജെ പി കൗണ്‍സിലർ ആര്‍ സുഗതനെ കാപ്പ പ്രകാരം സെന്‍ട്രൽ ജയിലിൽ അടച്ചു. പൊലീസിനെ ആക്രമിച്ചതിന് ഒരു കേസ് കൂടി സുഗതനെതിരെ ചുമത്തിയിട്ടുണ്ട്.രാത്രി വീട് വളഞ്ഞുള്ള അറസ്റ്റ്, പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരയുള്ള ആക്രമണം. ഒടുവിൽ ആകാശത്തേക്ക് നിറയൊഴിക്കൽ. ഏറെ നാടകീയത നിറഞ്ഞ മണിക്കൂറുകള്‍ക്ക് ശേഷം രാത്രി പന്ത്രണ്ട് മണിയോടെ കണ്‍ടോണ്‍മെന്‍റ് സ്റ്റേഷനിൽ ഏത്തിച്ച സുഗതനെ രാവിലെ ആറ് മണിയോടെയാണ് പൂജപ്പുര സെന്‍ട്രല് ജയിലിൽ എത്തിച്ചത്.
പത്തിലധികം ക്രമിനിൽ കേസുള്ള സുഗതനെ കാപ്പ നിയമ പ്രകാരം തടങ്കലിൽ വെക്കാൻ മുമ്പ് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. ഇത് പ്രകാരമാണ് ജയിലിലടച്ചത്. ഇനി ആറ് മാസം ജാമ്യം ലഭിക്കാതെ സുഗതന് ജയിലിൽ കഴിയേണ്ടിവരും. സംസ്ഥാനത്ത് കാപ്പ പ്രകാരം ജയിലിൽ ആകുന്ന ആദ്യ കൗണ്‍സിലർ കൂടിയായി സുഗതൻ.





