ബോഡി സ്റ്റിക്കർ ഒട്ടിക്കാം, ടയർ പ്രഷർ മോണിറ്റർ വെക്കാം; ; 18 തരം മോഡിഫിക്കേഷനുകൾക്ക് ഇനി അനുമതി വേണ്ട

തിരുവനന്തപുരം: വാഹനങ്ങളിൽ അനുവദിക്കാൻ കഴിയുന്ന മോഡിഫിക്കേഷനുകളെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കി ഗതാഗത കമ്മീഷണർ.
റിപ്പോർട്ട് പരിശോധിച്ച ശേഷം സർക്കാർ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. അനുമതി കൂടാതെ ചെയ്യാൻ കഴിയുന്ന 18 തരം മോഡിഫിക്കേഷനുകളും പ്രത്യേക അനുമതിയോടെ ചെയ്യാൻ കഴിയുന്ന മറ്റുചില മോഡിഫിക്കേഷനുകളുമാണ് റിപ്പോർട്ടിലുള്ളത്.
മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് വി.ഡി.സതീശൻ പറഞ്ഞത് യുവാക്കൾ ഏറ്റെടുത്തിരുന്നു. മുഖ്യമന്ത്രിയായ ശേഷം വി.ഡി. സതീശൻ വാക്ക് പാലിക്കുമെന്ന് ആവർത്തിക്കുകയും ചെയ്തിരുന്നു. അതേസമയം ഇപ്പോൾ അനുവദിക്കുന്ന മോഡിഫിക്കേഷനുകൾ നേരത്തേ തന്നെ നിലവിലുള്ളവയാണെന്ന വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്.
ബോഡി സ്റ്റക്കറുകൾ, സീറ്റ് കവറുകൾ, ഡാഷ് കാം, ജിപിഎസ് ട്രാക്കർ തുടങ്ങിയ 18 മോഡിഫിക്കേഷനുകളാണ് അനുമതി ഇല്ലാതെ ചെയ്യാൻ കഴിയുന്നവയായി റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളത്. സ്റ്റിക്കറുകൾ മാന്യമായവയാകണം എന്നും നിർദേശമുണ്ട്. വാഹനത്തിന്റെ നിറം മാറ്റം ഉൾപ്പെടെയുള്ള മോഡിഫിക്കേഷനുകൾക്കാണ് പ്രത്യേക അനുമതി വേണ്ടത്.
അനുമതി വേണ്ടാത്ത മോഡിഫിക്കേഷനുകൾ
അധിക സ്പീക്കറുകൾ
ആൻഡ്രോയിഡ് ഇന്റഫോടെയിൻമെന്റ് സിസ്റ്റം
ബോഡി സ്റ്റിക്കറുകൾ
ക്രോം ഗാർണിഷ്
ഡാഷ് കാം
ഡോർ വൈസറുകൾ
ഫ്ളോർ മാറ്റുകൾ
ജിപിഎസ് ട്രാക്കർ
ഇന്റീരിയർ ആംബിയന്റ് ലൈറ്റിങ്
മഡ് ഫ്ളാപ്പുകൾ
പാർക്കിങ് സെൻസർ
റിവേഴ്സ് ക്യാമറ
റൂഫ് കാരിയറുകൾ
സീറ്റ് കവർ
50 ശതമാനം സുതാര്യമായ സൺ ഫിലിം
സ്റ്റിയറിങ് വീൽ കവർ
ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം
ടോ ഹുക്കുകൾ
ഫീസ് അടച്ച് പ്രത്യേക അനുമതിയോടെ വാഹനങ്ങളുടെ നിറം മാറ്റാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് ആർസിയിൽ രേഖപ്പെടുത്തണം. കൂടാതെ എൽപിജി/സിഎൻജി കിറ്റ് വെക്കുന്നത്, ഭിന്നശേഷി സൗഹൃദ വാഹനമാക്കുന്നത്, ഇലക്ട്രിക് ആക്കി മാറ്റുന്നത്, എൻജിൻ മാറ്റുന്നത്, ഷാസി ഫ്രെയിം മാറ്റുന്നത് എന്നിവയും പ്രത്യേക അനുമതിയോടെ ചെയ്യാവുന്ന മോഡിഫിക്കേഷനുകളാണ്. ഇവയും ആർസിയിൽ രേഖപ്പെടുത്തണം.
നിയമപരമായ മോഡിഫിക്കേഷനുകൾ അനുവദിക്കുമെന്ന് പറയുന്ന വി.ഡി. സതീശന്റെ റീൽ തിരഞ്ഞെടുപ്പിന് മുമ്പ് വൈറലായിരുന്നു. ‘പിള്ളേര് മോഡിഫൈ ചെയ്യട്ടെ’ എന്നാണ് അദ്ദേഹം റീലിൽ പറഞ്ഞത്.പിന്നീട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടശേഷം മോഡിഫിക്കേഷനെ കുറിച്ചുള്ള ചോദ്യത്തിനും അനുകൂലമായ മറുപടിയാണ് അദ്ദേഹം നൽകിയത്. ആ സമയത്തെ വി.ഡി. സതീശന്റെ ചിരി സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെ ‘പൂക്കി സിഎം’ എന്ന വിശേഷണവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.





