
ബെംഗളൂരു: കൊടുംക്രൂരത… തന്റെ പ്രേമബന്ധത്തെ എതിർത്ത 15 വയസ്സുകാരനായ മകനെ അമ്മ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം . വീരേന്ദ്ര (15) ആണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് ശേഷം സംഭവം മൂടിവെക്കാൻ മകനെ കാണാനില്ലെന്ന് കാണിച്ച് ഇവർ പൊലീസിൽ വ്യാജ പരാതിയും നൽകിയിരുന്നു. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഈ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
കുട്ടിയുടെ അമ്മയായ ഗംഗമ്മയ്ക്ക് ദർഗപ്പ എന്നയാളുമായി ബന്ധം ഉണ്ടായിരുന്നു. വീരേന്ദ്ര ഇത് പലതവണ ചോദ്യം ചെയ്യുകയും ബന്ധുക്കൾക്കും ഗ്രാമവാസികൾക്കും മുന്നിൽ ഈ വിവരം തുറന്നുപറയുകയും ചെയ്തു. ഇതേച്ചൊല്ലി വീട്ടിൽ നിരന്തരം വഴക്കുകൾ നടന്നിരുന്നു.
ബന്ധത്തിന് തടസ്സമാകുമെന്ന ഭയത്താലും വിവരം പുറത്തറിഞ്ഞതിലുള്ള നാണക്കേട് കാരണവും ഇവർ കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഗ്രാമത്തിന്റെ അതിർത്തിയുള്ള ഒരു ശ്മശാനത്തിൽ രഹസ്യമായി കുഴിച്ചുമൂടി.





