പേരാമ്പ്രയിൽ നിന്ന് മോഷണംപോയ ബൈക്ക് കണ്ടെത്തിയത് കുറ്റ്യാടിയിലെ ഒൻപതാം ക്ലാസുകാരന്റെ വീട്ടിൽ, പിന്നിൽ ലഹരിസംഘങ്ങൾ ഉണ്ടോയെന്ന് അന്വേഷണം

കോഴിക്കോട് : പേരാമ്പ്ര മേപ്പയ്യൂരിൽ നിന്ന് മോഷണംപോയ ബൈക്ക് ഒൻപതാം ക്ലാസുകാരന്റെ വീട്ടിൽനിന്ന് പോലീസ് കണ്ടെത്തി.
വിദ്യാർഥികൾ ലഹരി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് കുറ്റ്യാടി വേളം പഞ്ചായത്ത് പരിധിയിൽനിന്ന് ബൈക്ക് കണ്ടെത്തുന്നത്.വിദ്യാർഥിയുടെ വീടിന്റെ പരിസരത്ത് നിർത്തിയിട്ടബൈക്കിനെക്കുറിച്ച് പോലീസ് അന്വേഷണംനടത്തിയപ്പോൾ മേപ്പയ്യൂരിൽനിന്ന് മോഷണംപോയതാണെന്ന് വ്യക്തമാവുകയായിരുന്നു. ഒരു സുഹൃത്ത് നൽകിയതാണെന്നാണ് വിദ്യാർഥി രക്ഷിതാക്കളോട് പറഞ്ഞിരുന്നത്.
മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ച ബൈക്ക് ഉടമയെ വിളിച്ചുവരുത്തി കൈമാറി. ഇതിലുൾപ്പെട്ട കുട്ടികൾ മുൻപും ഇത്തരത്തിലുള്ള കളവുകൾ നടത്തിയതായി അന്വേഷണത്തിൽ പോലീസിന് സൂചനലഭിച്ചിട്ടുണ്ട്.കഴിഞ്ഞദിവസം വടകര റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ബൈക്ക് എടുക്കാൻ ശ്രമിച്ചിരുന്നതായാണ് പോലീസിന് ലഭിച്ചവിവരം. കുട്ടികളെ ലഹരിനൽകി കാരിയർമാരാക്കുന്ന ലഹരിസംഘങ്ങൾ പുറകിലുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
സ്കൂൾ വിദ്യാർഥികൾ ലഹരി ഉപയോഗിക്കുന്നതിനെക്കുറിച്ച് റൂറൽ എസ്.പി.യുടെ നിർദേശത്തിൽ സ്പെഷ്യൽ സ്ക്വാഡ് വ്യാപകമായി അന്വേഷണം നടത്തി വരുകയാണ്.മേപ്പയ്യൂർ പോലീസും എസ്.പി.യുടെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. മാരായ വി.സി. ബിനീഷ്, സി.എം.സുനിൽ കുമാർ, അഖിലേഷ് എന്നിവരും ചേർന്നാണ് ബൈക്ക് കണ്ടെത്തിയത്.





