വയനാട് മേപ്പാടിയിലെ കാട്ടാന ആക്രമണം; കടുത്ത ജനപ്രതിനിഷേധത്തെത്തുടർന്ന് ആനയെ മയക്കുവെടി വെക്കാൻ ഉത്തരവ്

കൽപ്പറ്റ: വയനാട് മേപ്പാടി കള്ളാടിയിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമണത്തിൽ പുത്തുമല സ്വദേശി ജെസ്സി കൊല്ലപ്പെട്ട സംഭവത്തിൽ വലിയ ജനകീയ പ്രതിഷേധത്തെ തുടർന്ന് വനംവകുപ്പിന്റെ അടിയന്തര ഇടപെടൽ.
ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെ, പ്രദേശത്ത് ഭീതി പരത്തുന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ ആഷിഖ് അലി പ്രഖ്യാപിച്ചു.കൊല്ലപ്പെട്ട ജെസ്സിയുടെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായവും ആശ്രിതരിൽ ഒരാൾക്ക് സ്ഥിരം ജോലിയും നൽകാനുള്ള ശുപാർശ സർക്കാരിന് ഉടൻ കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
ഇതിനുപുറമേ, വന്യജീവികൾ ഒളിച്ചിരിക്കുന്നത് തടയാൻ മേഖലയിലെ അടിക്കാട് വെട്ടിമാറ്റുമെന്നും തെരുവ് വിളക്കുകൾ സ്ഥാപിക്കുമെന്നും ഡിഎഫ്ഒ ഉറപ്പുനൽകി. അപകടത്തിൽ ജെസ്സിയുടെ ഭർത്താവ് ഷാജിക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ വനംമന്ത്രി ഷിബു ബേബി ജോണും അടിയന്തരമായി പ്രതികരിച്ചു. ജെസ്സിയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്നും നഷ്ടപരിഹാര തുക ഏകീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വന്യജീവി ആക്രമണം ഏറെ സങ്കീർണ്ണമായ വിഷയമാണെന്ന് സമ്മതിച്ച മന്ത്രി, സോളാർ ഫെൻസിംഗ് നിലവിലുള്ള സ്ഥലത്താണ് ഈ ദാരുണമായ ആക്രമണം ഉണ്ടായതെന്നും പലയിടത്തും ഫെൻസിംഗ് പൂർണ്ണമല്ലെന്നും ചൂണ്ടിക്കാട്ടി.വന്യജീവി ആക്രമണങ്ങൾ കുറയ്ക്കുന്നതിനായി വനംവകുപ്പ് പ്രത്യേക 100 ദിന പരിപാടി നടപ്പാക്കുമെന്നും ജൂൺ 5-ഓടെ സർക്കാർ പുതിയ വനനയം പ്രഖ്യാപിക്കുമെന്നും വനംമന്ത്രി അറിയിച്ചു.
വന്യജീവി ആക്രമണങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്തും. വനംവകുപ്പ് ജനങ്ങൾക്ക് എതിരെയുള്ള വകുപ്പോ ജനങ്ങളുടെ മേൽ കുതിര കയറാനുള്ള സംവിധാനമോ അല്ലെന്നും ജനങ്ങളുടെ സുരക്ഷിതത്വത്തിനാണ് മുൻഗണനയെന്നും വനംമന്ത്രി കൂട്ടിച്ചേർത്തു





