റീൽസിനായി ഔട്ടർ റിംഗ് റോഡിൽ 200 കിലോമീറ്റർ വേഗതയിൽ കാറോട്ടം; യുവാവ് പിടിയിൽ, വാഹനം കസ്റ്റഡിയിൽ

ഹൈദരാബാദ്: റീൽസ് ചിത്രീകരണത്തിനായി 200 കിലോമീറ്റർ വേഗതയിൽ കാറോടിച്ച യുവാവ് അറസ്റ്റിൽ. രംഗറെഡ്ഡി ജില്ലയിലെ പുപ്പൽഗുഡ അൽക്കാപൂർ ടൗൺഷിപ്പ് സ്വദേശിയായ കൊത്തപ്പള്ളി യശ്വന്ത് റെഡ്ഡിയാണ് പിടിയിലായത്. മെയ് 10-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഫോക്സ്‌വാഗൺ വിർട്ടസ് കാറുമായി ഔട്ടർ റിംഗ് റോഡിലായിരുന്നു യുവാവിന്റെ അമിതവേഗതയിലുള്ള അഭ്യാസപ്രകടനം. റോഡ് പട്രോളിംഗ് ഓഫീസർ കാരിംഗുള സായിറാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് യുവാവിനെതിരെ നടപടിയെടുത്തത്.
പുതുതായി വാങ്ങിയ, “TGTR2026” എന്ന താൽക്കാലിക രജിസ്ട്രേഷൻ നമ്പറുള്ള ഫോക്‌സ്‌വാഗൺ വിർട്ടസ് കാർ നർസിംഗി ടോൾ പ്ലാസയിൽ നിന്ന് ടിജിപിഎ (TGPA) ടോൾ പ്ലാസയിലേക്ക് അമിത വേഗതയിൽ ഓടിക്കുകയായിരുന്നു പ്രതി. യാത്രക്കാരുടെയും ടോൾ പ്ലാസ ജീവനക്കാരുടെയും ജീവൻ അപകടത്തിലാക്കുന്ന വിധത്തിലായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഈ അഭ്യാസ പ്രകടനം സ്വന്തം മൊബൈൽ ഫോണിൽ പകർത്തി “യശ്വന്ത് റെഡ്ഡി” എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം പേജിലാണ് അപ്ലോഡ് ചെയ്തിരുന്നത്.
2026 ഏപ്രിലിലാണ് ഫോക്‌സ്‌വാഗൺ വിർട്ടസ് കാർ വാങ്ങിയതെന്നും, കാറിന്റെ പ്രകടനം പരിശോധിക്കുന്നതിനായാണ് ഔട്ടർ റിംഗ് റോഡിൽ 200 കിലോമീറ്റർ വേഗതയിൽ ഓടിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് വാഹനം പിടിച്ചെടുത്തു. അപകടകരമായ അഭ്യാസങ്ങൾ കാണിക്കുന്നവർക്കും അമിതവേഗതയിൽ വാഹനം ഓടിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ പ്രചാരം ലഭിക്കുന്നതിനായി വീഡിയോകൾ പകർത്തി പങ്കുവെയ്ക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.





