
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് മഹാത്മാഗാന്ധി (എംജി) സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് (ഡി.ലിറ്റ്) സമ്മാനിച്ചു. കോട്ടയത്ത് വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ചാൻസലർ കൂടിയായ ഗവർണർ ജസ്റ്റിസ് (റിട്ട.) പി. സദാശിവം നടന് ബിരുദം നൽകി ആദരിച്ചു.
മമ്മൂട്ടിയെ കൂടാതെ പ്രമുഖ നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, പ്രശസ്ത വാസ്കുലർ സർജൻ ഡോ. എൻ. രാധാകൃഷ്ണൻ എന്നിവർക്കും ചടങ്ങിൽ ഓണററി ബിരുദങ്ങൾ നൽകി ആദരിച്ചു.
മമ്മൂട്ടിക്കും തിരുവിഴ ജയശങ്കറിനും ഡോക്ടർ ഓഫ് ലെറ്റേഴ്സ് (ഡി.ലിറ്റ്) ബിരുദവും, ഡോ. എൻ. രാധാകൃഷ്ണന് ഡോക്ടർ ഓഫ് സയൻസ് (ഡി.എസ്.സി) ബിരുദവുമാണ് സർവകലാശാല സമ്മാനിച്ചത്. പ്രോ-ചാൻസലറും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായ ഡോ. കെ.ടി. ജലീൽ ചടങ്ങിൽ പങ്കെടുത്തു. സർവകലാശാല റജിസ്ട്രാർ, സെനറ്റ്, സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ അംഗങ്ങൾ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. ബിരുദദാന ചടങ്ങുകൾക്ക് ശേഷം സെനറ്റ് ഹാളിൽ വെച്ച് തിരുവിഴ ജയശങ്കറിന്റെ നേതൃത്വത്തിൽ പ്രത്യേക നാദസ്വര കച്ചേരിയും അരങ്ങേറി.





