ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് മന്ത്രിസഭായോഗം അംഗീകാരം നല്‍കും; വിജിലൻസ് ഉദ്യോഗസ്ഥരുടെ യോഗവും ഇന്ന്

തിരുവനന്തപുരം: ഗവർണരുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് മന്ത്രിസഭായോഗം അംഗീകാരം നൽകും. യുഡിഎഫ് പ്രകടന പത്രികയിലും ഇന്ദിരാ ഗ്യാരൻ്റിയിലും ഊന്നിയാവും നയപ്രഖ്യാപനം. വെള്ളിയാഴ്ചയാണ് ഗവർണർ നിയമസഭയിൽ നയപ്രഖ്യാപനം നടത്തുക. മുഖ്യമന്ത്രി ഡെൽഹിയിൽ പോകുന്നതിനാലും പൊതുഅവധി വരുന്നതിനാലുമാണ് ഇന്ന് മന്ത്രിസഭ ചേരുന്നത്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിളിച്ച വിജിലൻസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. രാവിലെ പത്തരയ്ക്ക് വിജിലൻസ് ആസ്ഥാനത്താണ് യോഗം ചേരുന്നത്. വിജിലൻസ് മേധാവി മനോജ് എബ്രഹാം ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.അഴിമതി കണ്ടെത്താനും ഉദ്യോഗസ്ഥ തല അഴിമതി കുറയ്ക്കാനും ഉള്ള പദ്ധതികൾ യോഗം ചർച്ച ചെയ്യും. കഴിഞ്ഞദിവസം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു.
വിവിധ തസ്തികകളില്‍ നിയമനത്തിനുള്ള റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന പി.എസ്.സി യോഗം തീരുമാനമെടുക്കും. ഓഗസ്റ്റ് 31 നകം അവസാനിക്കുന്ന റാങ്ക് പട്ടികകളുടെ കാലാവധി നവംബര്‍ 30 വരെ നീട്ടാനാണ് വി.ഡി. സതീശന്‍ മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ തീരുമാനമായത്. സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞദിവസം പി.എസ്.സിയെ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനതലത്തിലെ 60 റാങ്ക് പട്ടികകളുടെയും ജില്ലാതലത്തിലെ നാല്‍പ്പതിലേറെ പട്ടികകളുടെയും കാലാവധിയാണ് നീട്ടുക. കൂടുതൽ റാങ്ക് പട്ടികകളും കോളജ് അസിസ്റ്റന്‍റ് പ്രഫസർമാരുടേതാണ്. തദ്ദേശ–നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പെരുമാറ്റച്ചട്ടം കാരണം നിയമന നടപടികള്‍ തടസപ്പെട്ടതുകാരണമാണ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാന്‍ തീരുമാനിച്ചത്.





