
ഹൈദരാബാദ്: തെലങ്കാനയിൽ കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് 16 പേർ മരിച്ചു. തെലങ്കാന റവന്യൂ മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡിയാണ് ദുരന്തവിവരം പുറത്തുവിട്ടത്. സംസ്ഥാനത്തെ ഉഷ്ണതരംഗ സാഹചര്യം വിലയിരുത്താൻ ചേർന്ന അടിയന്തര യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിവിധ ജില്ലാ കളക്ടർമാരിൽ നിന്ന് ലഭിച്ച ഔദ്യോഗിക റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മരണസംഖ്യ സ്ഥിരീകരിച്ചത്. ജയശങ്കർ ഭൂപാൽപള്ളി ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്—നാല് പേർ. വാറങ്കൽ അർബൻ, കരിംനഗർ, നിസാമാബാദ് എന്നിവിടങ്ങളിൽ മൂന്ന് പേർ വീതവും, ജോഗുലാംബ ഗഡ്‌വാൾ, രംഗ റെഡ്ഡി, സൂര്യപേട്ട് എന്നീ ജില്ലകളിൽ ഓരോരുത്തർ വീതവുമാണ് മരണപ്പെട്ടത്.
ഉഷ്ണതരംഗത്തിൽ മരണമടഞ്ഞവരുടെ ബന്ധുക്കൾക്ക് സർക്കാർ നാല് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് ശ്രീനിവാസ റെഡ്ഡി അറിയിച്ചു. നിലവിൽ തെലങ്കാനയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തെ 16 ജില്ലകളിൽ പരമാവധി താപനില 46 ഡിഗ്രി സെൽഷ്യസിനു മുകളിൽ രേഖപ്പെടുത്തി. 46.5 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയ കുമരം ഭീം ആസിഫാബാദിലെ സിർപൂരാണ് നിലവിൽ സംസ്ഥാനത്തെ ഏറ്റവും ചൂടേറിയ സ്ഥലം.





