ഓൺലൈൻ ഭക്ഷണപ്രിയർക്ക് തിരിച്ചടി; ഇന്ധനവില വർധനവിനെ തുടർന്ന് ഫുഡ് ഡെലിവറി നിരക്കുകൾ ഉയർന്നേക്കും

ന്യൂഡൽഹി : ഇറാൻ – യുഎസ് സംഘർഷത്തെ തുടർന്ന് അസംസ്കൃത എണ്ണയിലും ഇന്ധനവിലയിലുമുണ്ടായ വർധനവ് കാരണം ഓൺലൈൻ വഴിയുള്ള ഫുഡ് ഡെലിവറി നിരക്ക് ഉയരുമെന്ന് റിപ്പോർട്ട്.
സൊമാറ്റോയുടെ മാതൃകമ്പനിയായ ഇറ്റേണൽ, സ്വിഗി ഉൾപ്പെടെയുള്ള ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകൾക്ക് വരും ദിവസങ്ങളിൽ ചെലവ് കൂടുമെന്ന് പ്രമുഖ സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഇലാര ക്യാപിറ്റലിന്റെ റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെ ഇന്ധനവിലയിൽ നാല് രൂപയോളം വർധനവ് ഉണ്ടായിട്ടുണ്ട്. ഇത് പെട്രോൾ, ഡീസൽ വിലയിൽ നാല് ശതമാനത്തിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന നാല് ശതമാനം വർധനവ് ഓരോ ഓർഡറിലും 44 പൈസയുടെ അധികബാധ്യത വരുത്തിവെക്കുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതേസമയം, ഈ സാഹചര്യത്തിൽ ഗിഗ് തൊഴിലാളികൾ ശമ്പളവർധന ആവശ്യപ്പെട്ടാലും അത് കമ്പനികൾക്ക് ഭാരമായി മാറില്ലെന്നും പറയുന്നു.
ഇന്ധനവില കൂടിയതോടെ കിലോമീറ്ററിന് ലഭിക്കുന്ന സര്‍വീസ് നിരക്ക് ഉടന്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം സര്‍വീസ് വര്‍ക്കേഴ്സ് യൂണിയന്‍ കഴിഞ്ഞ ആഴ്ച രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി 5 മണിക്കൂര്‍ ആപ്പ് അധിഷ്ഠിത സേവനങ്ങള്‍ നിര്‍ത്തിവെച്ച് അവര്‍ പ്രതിഷേധവും പ്രഖ്യാപിച്ചിരുന്നു.





