
പെരുമണ്ണ : അരയ്ക്കുതാഴെ തളർന്നശരീരവും തളരാത്ത മനസ്സുമായി കുടുംബത്തിന് തണലൊരുക്കുകയാണ് പെരുമണ്ണ മുണ്ടുപാലം എരഞ്ഞിക്കൽ മേത്തൽ സതീശൻ. വീൽച്ചെയറിലിരുന്ന് കുടകളും പേപ്പർപേനകളും നിർമിച്ച്, ജീവിതം കശക്കിയെറിഞ്ഞ ദുരന്തത്തിൽ പകച്ചുനിൽക്കാതെ, പുതുജീവിതം നെയ്യുകയാണ് ഈ നാല്പത്തിെയട്ടുകാരൻ.
2000 ഓഗസ്റ്റ് മൂന്നിനാണ് തെങ്ങിൽ നിന്നുവീണ് സതീശന് ക്ഷതമേൽക്കുന്നത്. ഇതോടെ കഴുത്തിനുതാഴെ തളർന്നുപോയി. അന്ന് സതീശന് 22 വയസ്സായിരുന്നു പ്രായം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെയും മറ്റും വർഷങ്ങളോളമുള്ള ചികിത്സയുടെ ഫലമായി കൈകളുടെയും മറ്റും ചലനശേഷി തിരിച്ചുകിട്ടി. അത്യാവശ്യം എഴുന്നേറ്റിരിക്കാനും മുച്ചക്ര സ്കൂട്ടറിൽ സഞ്ചരിക്കാനും പറ്റുന്ന അവസ്ഥയാണിപ്പോൾ.
മുച്ചക്ര സ്കൂട്ടറിൽ കോഴിക്കോട് നഗരത്തിലെത്തി ആവശ്യമായ സാധനങ്ങളെല്ലാം ശേഖരിച്ച് വീട്ടിലിരുന്നാണ് കുടകളും പേപ്പർപേനകളും നിർമിക്കുന്നത്. കുട്ടികൾക്കായുള്ള കുടകൾമുതൽ മുതിർന്നവർക്കായുള്ള ത്രീഫോൾഡ്, ഫൈവ് ഫോൾഡ്, കാലൻ കുട, ഗോൾഫ് തുടങ്ങി എല്ലാവിധ കുടകളും, വിവിധ കളറുകളിലുള്ള പേപ്പർപേനകളും സതീശൻ നിർമിക്കുന്നുണ്ട്. വീൽച്ചെയറിലിരുന്ന് കഷ്ടപ്പെട്ടുണ്ടാക്കുന്ന ഇവ വിൽപ്പന നടത്തുകയെന്നതാണ് ഇദ്ദേഹം നേരിടുന്ന പ്രധാനവെല്ലുവിളി. ഇതോടെ, ‘കുടകളും പേപ്പർപേനകളും ആവശ്യമുള്ളവർ ബന്ധപ്പെടുക’ എന്ന കുറിപ്പെഴുതി സാമൂഹികമാധ്യമങ്ങളിൽ ദിവസേന പോസ്റ്റ് ചെയ്യുന്നുണ്ട് സതീശനിപ്പോൾ. ആവശ്യമുള്ളവർ ഗൂഗിൾപേ വഴി പണമയച്ചാൽ കൊറിയർ ആയിട്ട് അയച്ച് കൊടുക്കും. കുടകളും പേപ്പർപേനകളും നിർമിച്ചുകിട്ടുന്ന തുകയാണ് ഭാര്യയും വിദ്യാർഥിയായ മകനുമടങ്ങുന്ന സതീശന്റെ കുടുംബത്തിന്റെ ഏക വരുമാനമാർഗം. മാസം 3000 രൂപയോളം മരുന്നിന് മാത്രമായി ആവശ്യം വരുന്നുണ്ടെന്ന് സതീശൻ പറയുന്നു





