
ഓമശ്ശേരി : ജനവാസമേഖലയിൽ വൻ ദുരന്തഭീഷണിയുയർത്തി പ്രവർത്തിച്ചിരുന്ന അനധികൃത ഗ്യാസ്ഫില്ലിങ് കേന്ദ്രത്തിൽ ജില്ലാസപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ മിന്നൽപ്പരിശോധന. 91 എൽ.പി.ജി. സിലിൻഡറുകളും ഗ്യാസ് മാറ്റിനിറയ്ക്കാൻ ഉപയോഗിച്ചിരുന്ന അഞ്ച് മോട്ടോറുകളും പരിശോധനയിൽ അധികൃതർ പിടിച്ചെടുത്തു. ഓമശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ തെച്യാട് അമ്പലത്തിങ്ങലിലാണ് അനധികൃതകേന്ദ്രം പ്രവർത്തിച്ചിരുന്നത്.
ഗാർഹികാവശ്യത്തിനുള്ള സിലിൻഡറുകളിൽനിന്ന് വാണിജ്യ സിലിൻഡറുകളിലേക്ക് മോട്ടോർ ഉപയോഗിച്ച് മാറ്റിനിറയ്ക്കുന്ന കേന്ദ്രമാണ് അധികൃതർ പരിശോധനയിൽ പിടികൂടിയത്. 29 ഗാർഹിക സിലിൻഡറുകൾ, 31 വാണിജ്യ സിലിൻഡറുകൾ, രണ്ട് ചെറിയ സിലിൻഡറുകൾ എന്നിവയടക്കം 62 സിലിൻഡറുകളാണ് കണ്ടെടുത്തത്. തുടർന്ന് തൊട്ടടുത്ത വീട്ടിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച നിലയിൽ 29 സിലിൻഡറുകൾകൂടി കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത സിലിൻഡറുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി തിരുവമ്പാടിയിലെ ഇൻഡേൻ ഗ്യാസ് ഏജൻസിക്ക് കൈമാറിയിട്ടുണ്ട്.
ജില്ലാ സപ്ലൈ ഓഫീസർ ആർ. ബോബൻ, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസർ സന്തോഷ് ചോലയിൽ, റേഷനിങ് ഇൻസ്പെക്ടർമാരായ കബീർ, വിനോദ്, വിഗീഷ്, നൗഫൽ, ജീവനക്കാരനായ മൊയ്തീൻകോയ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.





