Kozhikode

കോഴിക്കോട് ജില്ലയിൽ ലീഗിന് മന്ത്രിസ്ഥാനമില്ലെന്ന് സൂചന; കോൺഗ്രസിന് നറുക്ക് വീണേക്കും

Please complete the required fields.




കോഴിക്കോട്: സംസ്ഥാനത്ത് മുഖ്യമന്ത്രിയെ തീരുമാനിച്ചതിന് പിന്നാലെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ, കോഴിക്കോട് ജില്ലയിൽ നിന്ന് മുസ്ലിം ലീഗിന് മന്ത്രിസ്ഥാനം ലഭിച്ചേക്കില്ലെന്ന് സൂചന.

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ യു.ഡി.എഫ് ചരിത്രവിജയം നേടിയെങ്കിലും, ഭരണത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് ഒരു മന്ത്രിക്കേ സാധ്യതയുള്ളൂ എന്നാണ് പുതിയ വിവരം.നിലവിലെ സാഹചര്യത്തിൽ ഈ മന്ത്രിസ്ഥാനം കോൺഗ്രസിനായിരിക്കും ലഭിക്കുക. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. ജയന്ത് എന്നിവരുടെ പേരുകളാണ് കോൺഗ്രസ് പരിഗണിക്കുന്നത്.

മന്ത്രിമാരെ നിശ്ചയിക്കുന്നതിൽ ജാതി സമവാക്യങ്ങൾ നിർണ്ണായകമാകുന്നതും ലീഗിന്റെ സാധ്യതകളെ ബാധിച്ചതായാണ് വിലയിരുത്തൽ. ജില്ലയിലെ ആറ് സീറ്റുകളിൽ വിജയിച്ച് മിന്നും പ്രകടനം കാഴ്ചവെച്ച ലീഗ്, മലപ്പുറം കഴിഞ്ഞാൽ പാർട്ടിക്ക് ഏറ്റവും കൂടുതൽ വിജയം നൽകിയ കോഴിക്കോടിന് മന്ത്രിസ്ഥാനം വേണമെന്ന ഉറച്ച നിലപാടിലായിരുന്നു.
ജില്ലാ പ്രസിഡന്റ് എം.എ. റസാഖ് അല്ലെങ്കിൽ സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള എന്നിവരിലൊരാൾ മന്ത്രിയാകുമെന്ന് അണികൾ പ്രതീക്ഷിച്ചിരുന്നെങ്കിലും ലീഗിന്റെ പ്രാഥമിക പട്ടികയിൽ കോഴിക്കോട്ടെ നേതാക്കൾ ഉൾപ്പെട്ടിട്ടില്ലെന്നാണ് അറിയുന്നത്.

ഇതിന് പകരമായി ഡോ. എം.കെ. മുനീറിന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം നൽകി കാബിനറ്റ് പദവി നൽകാനാണ് ആലോചന നടക്കുന്നത്. എന്നാൽ ജില്ലയിൽ നിന്നുള്ള നേതാക്കൾ ഈ തീരുമാനത്തിൽ തൃപ്തരല്ല.കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഐ.എൻ.എൽ പ്രതിനിധി ഉൾപ്പെടെ മൂന്ന് മന്ത്രിമാർ ജില്ലയിൽ നിന്നുണ്ടായിരുന്നു. എന്നാൽ ഇത്തവണ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയ സാഹചര്യത്തിൽ കോഴിക്കോടിന് അർഹമായ പ്രാധാന്യം നൽകണമെന്നാണ് ലീഗ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യം.

ഡോ. എം.കെ മുനീറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ജില്ലയിലെ നേതാക്കൾ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കണ്ട് ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വയനാട്ടുകാരനായ കെ.എം ഷാജി കോഴിക്കോട് താമസിക്കുന്നുണ്ടെങ്കിലും പ്രാദേശിക പ്രാതിനിധ്യമായി കണക്കാക്കാനാവില്ലെന്ന വാദമാണ് ഇവർ ഉയർത്തുന്നത്.വരും ദിവസങ്ങളിൽ നടക്കുന്ന ഹൈക്കമാൻഡ് ചർച്ചകളിൽ ജില്ലയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.

Related Articles

Back to top button