
ബേപ്പൂർ : ബേപ്പൂർ പള്ളിയറക്കൽ ക്ഷേത്രത്തിനു സമീപം ഉപയോഗശൂന്യമായ കിണറ്റിൽ അകപ്പെട്ട 53 ആമകളെ വനംവകുപ്പ് രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം കിണറ്റിൽ വീണ തെരുവുനായയെ രക്ഷിക്കാൻ നാട്ടുകാർ ഇറങ്ങിയപ്പോഴാണ് ആമകളുടെ കൂട്ടം ഉള്ള വിവരം പുറംലോകം അറിഞ്ഞത്. പ്രദേശവാസികൾ വിവരം കൗൺസിലർ ഷിനു പിണ്ണാണത്തിനെ അറിയിച്ചു.
കൗൺസിലർ വനംവകുപ്പിനു വിവരം നൽകി. സിറ്റി ആർആർടി ബീറ്റ് ഫോറസ്റ്റ് ഓഫിസർ എം.എസ്.പ്രസുതയുടെ നേതൃത്വത്തിൽ എത്തിയ റെസ്ക്യു ടീമിലെ അനീഷ് അത്താണി കിണറ്റിൽ ഇറങ്ങി മുഴുവൻ ആമകളെയും കരയ്ക്കു കയറ്റി.
കൗൺസിലറുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ആർആർടി റെസ്ക്യൂ ടീം അംഗങ്ങളായ ഗിരീഷ് കോട്ടൂളി, പി.ജിജിത്ത് എന്നിവർ പങ്കാളികളായി. സിറ്റി ആർആർടി ടീം അംഗങ്ങൾ കിണറ്റിലിറങ്ങി കരയ്ക്കുകയറ്റിയ ആമകളെ പിന്നീട് സുരക്ഷിത സ്ഥലത്ത് തുറന്നുവിട്ടു.





