കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട, കാറിൽ കടത്താൻ ശ്രമിച്ച ഒരു കിലോഗ്രാമിലധികം എംഡിഎംഎ പിടിച്ചെടുത്തു, മൂന്ന് യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ കാറിൽ കടത്താൻ ശ്രമിച്ച ഒരു കിലോഗ്രാമിലധികം ഭാരം വരുന്ന എംഡിഎംഎ പിടിച്ചെടുത്തു. പന്തീരംകാവിൽ നടത്തിയ പരിശോധനയിൽ ഒരു കിലോഗ്രാം എംഎഡിഎംഎയാണ് പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചേലമ്പ്ര സ്വദേശിയായ ആദിൽ ഷാൻ, പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദ് ഹർഷൻ, ഐക്കരപ്പള്ളി സ്വദേശി ഫർഹാൻ എന്നിവരാണ് പിടിയിലായത്.
ഇന്ന് രാവിലെ ആറ് മണിയോടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ നടപടി. വേനലവധിക്കാലമായതിനാൽ സ്കൂൾ കുട്ടികളെ ലക്ഷ്യം വെച്ചാണ് ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് എത്തിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
മറ്റൊരു സംഭവത്തിൽ ലഹരി മാഫിയ സംഘം തടവിലാക്കിയ വയനാട് സ്വദേശിയായ യുവാവിനെ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി. ബംഗളൂരുവിൽ ട്രാവൽ ഏജൻസി നടത്തുന്ന സാജിദിനെയാണ് താമരശ്ശേരി പോലീസ് റെയ്ഡിലൂടെ മോചിപ്പിച്ചത്. സംഭവത്തിൽ ലഹരി സംഘത്തിൽപ്പെട്ട ‘അപ്പാപ്പൻ’ എന്ന ഷിഹാബ് (40), ‘ആക്കോയി’ എന്ന അശ്വിൻ (25) എന്നിവരെ പോലീസ് പിടികൂടി.
ഈ മാസം മൂന്നിനാണ് താമരശ്ശേരി കേന്ദ്രീകരിച്ചുള്ള പ്രതികൾ ഉൾപ്പെട്ട ലഹരിസംഘം എം.ഡി.എം.എ വാങ്ങുന്നതിനായി ബംഗളൂരുവിൽ എത്തുന്നത്. സാജിദ് മുഖേന ബംഗളൂരുവിലെ ലഹരി വിൽപനക്കാരെ ബന്ധപ്പെട്ട സംഘം എം.ഡി.എം.എ വാങ്ങുന്നതിനായി ഒന്നര ലക്ഷം രൂപ സാജിദിന്റെ റൂമിൽവെച്ച് ഇയാളുടെ സുഹൃത്തിന് നൽകിയിരുന്നതായും പണം നൽകിയിട്ടും ലഹരിമരുന്ന് കിട്ടാതായതിനെ തുടർന്ന് സംഘം സാജിദിനെ നയത്തിൽ കോഴിക്കോട്ടേക്ക് കൊണ്ടുവരുകയും തുടർന്ന് നാലുദിവസമായി ഓമശ്ശേരിക്ക് അടുത്ത മുടൂർ സ്വദേശി ശിഹാബിന്റെ വാടക വീട്ടിൽ എത്തിച്ച് അവിടെ പൂട്ടിയിടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പണമോ അല്ലെങ്കിൽ എം.ഡി.എം.എയോ നൽകണമെന്ന് പറഞ്ഞ് സംഘം ഇയാളെ മർദിച്ചും ഭക്ഷണം കൊടുക്കാതെയും തടങ്കലിൽ പാർപ്പിക്കുകയായിരുന്നു. ഷിഹാബിനെ കഴിഞ്ഞ വർഷം മൂന്ന് ഗ്രാം എം.ഡി.എം.എയുമായി വയനാട് പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതാണ്. ഇയാളുടെ സ്വിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.





