കാമുകിയായ കോളജ് ടീച്ചറെ ചുട്ടുകൊന്ന് താലൂക്ക് ഓഫീസിലെ ക്ലാർക്ക്; പിന്നാലെ ട്രെയിനിന് മുന്നില് ചാടി ജീവനൊടുക്കി

കാമുകിയെ വാഹനത്തിനുള്ളിൽ കയറ്റി ചുട്ടുകൊന്ന താലൂക്ക് ഓഫീസിലെ ക്ലാർക്ക്, ട്രെയിനിന് മുന്നിലേക്കെടുത്തുചാടി മരിച്ചു. ബംഗളൂരുവിലെ നന്ദി ഹിൽസിലാണ് സംഭവം. സ്വകാര്യ കോളജ് അധ്യാപികയായ പ്രൊഫസർ സരോജയും (40), ദേവനഹള്ളിയിലെ താലൂക്ക് ഓഫീസിലെ ക്ലർക്ക് രാമഞ്ജിനപ്പയുമാണ് (45) മരിച്ചത്. സരോജ വിവാഹിതയും, രാമഞ്ജിനപ്പ വിവാഹ മോചിതനുമാണ്.
സരോജയും രാമഞ്ജിനപ്പയും സ്ഥലം കാണാനായി ഒരുമിച്ചൊരു കാറിലാണ് നന്ദിഹിൽസിലേക്ക് യാത്ര പോയത്. ദൊഡബെല്ലാപൂരിലെ വിജനമായ സ്ഥലത്തെത്തിയതോടെ ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാവുകയായിരുന്നു. തുടർന്ന് വാഹനത്തിൽ ഉണ്ടായിരുന്ന ചുറ്റിക എടുത്ത് രാമഞ്ജിനപ്പ സരോജയുടെ തലയടിച്ച് പൊട്ടിച്ചു. സരോജ അബോധാവസ്ഥയിലായതോടെ, കാറിന്റെ പിൻസീറ്റിലെടുത്തിട്ട് പെട്രോളൊഴിച്ച് കാറിന് തീയിട്ടു.
ഇതിനിടെ അയാളുടെ ഷർട്ടിലേക്കും തീ പടർന്നു. ഭാഗികമായി പൊള്ളലേറ്റ നിലയിലാണ് ഇയാൾ ഓടിയെത്തി ട്രെയിനിന് മുന്നിലേക്കെടുത്തുചാടി മരിച്ചതെന്ന് പൊലീസ് പറയുന്നു. ഇവർ പോയ വാഹനം രാമഞ്ജിനപ്പയുടെ അടുത്ത കൂട്ടുകാരൻ സുരേഷിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. ‘ഓട്ടോ കൊളീഷൻ നോട്ടിഫിക്കേഷൻ’ സംവിധാനം കാറിലുണ്ടായിരുന്നതിനാൽ അപകടമുണ്ടായ സെക്കൻഡിൽ തന്നെ വാഹന ഉടമയ്ക്ക് മെസേജ് ലഭിച്ചു.
സുരേഷ് രാമഞ്ജിനപ്പയെ തിരക്കി ഇറങ്ങിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ കാറും മൃതദേഹവും കണ്ടത്. മൃതദേഹത്തിലുണ്ടായിരുന്ന ആഭരണങ്ങൾ കണ്ട് കൊല്ലപ്പെട്ടത് സരോജയാണെന്ന് ഭർത്താവ് ജയശങ്കർ തിരിച്ചറിയുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് റെയിൽവെ ട്രാക്കിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയെന്നാണ് പൊലീസ് നൽകുന്ന വിവരം.




