
തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ പത്തനാപുരം മണ്ഡലത്തിൽ പരാജയപ്പെട്ട വാർത്ത പടക്കം പൊട്ടിച്ചും പായസം വിതരണം ചെയ്തും ആഘോഷമാക്കി ഡ്രൈവിങ് സ്കൂൾ ഉടമകളും തൊഴിലാളികളും. തിരുവനന്തപുരം മുട്ടത്തറ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലായിരുന്നു ഉടമകളുടെ നേതൃത്വത്തിൽ ആഘോഷം പൊടിപൊടിച്ചത്.
മന്ത്രി എന്ന നിലയിൽ ഗണേഷ് കുമാർ നടപ്പിലാക്കിയ പുതിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ തങ്ങളുടെ തൊഴിലിനെ തകർത്തുവെന്ന് ഉടമകൾ ആരോപിക്കുന്നു. സാധാരണക്കാരുടെ ഡ്രൈവിങ് സ്കൂളുകൾ പൂട്ടിക്കുക എന്നതായിരുന്നു മന്ത്രിയുടെ അജണ്ടയെന്നും ഇവർ പറയുന്നു.
പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കാനോ ചർച്ച ചെയ്യാനോ മന്ത്രി തയ്യാറായിരുന്നില്ല. പലതവണ കാണാൻ ശ്രമിച്ചിട്ടും അദ്ദേഹം അനുമതി നൽകിയില്ലെന്നും ഉടമകൾ പരാതിപ്പെടുന്നു.ഓട്ടോമാറ്റിക് ടെസ്റ്റിംഗ് സെന്ററുകൾ എന്ന് അവകാശപ്പെടുമ്പോഴും പലയിടത്തും ക്യാമറകളോ മൈക്കോ പ്രവർത്തിക്കുന്നില്ല. ടെസ്റ്റ് ഗ്രൗണ്ടിലെ കാട് വെട്ടിത്തെളിക്കാൻ പോലും സ്കൂൾ ഉടമകളിൽ നിന്ന് പണം പിരിക്കേണ്ട അവസ്ഥയാണുള്ളതെന്നും ഇവർ ചൂണ്ടിക്കാട്ടി.
ഗണേഷ് കുമാറും ആർ. ബാലകൃഷ്ണപിള്ളയും: മുൻ ഗതാഗതമന്ത്രി കൂടിയായ ആർ. ബാലകൃഷ്ണപിള്ള പരാതികൾ കേൾക്കാനും നടപടിയെടുക്കാനും തയ്യാറാകുമായിരുന്നുവെന്നും, എന്നാൽ മകൻ ആ ശൈലിയല്ല പിന്തുടർന്നതെന്നും സമരക്കാർ ഓർമ്മിപ്പിച്ചു.
പത്തനാപുരത്തെ വോട്ടർമാർ ഗണേഷ് കുമാറിനെ കൈവിട്ടത് തങ്ങൾക്കെതിരായ നടപടികൾക്കുള്ള തിരിച്ചടിയാണെന്നാണ് ഡ്രൈവിങ് സ്കൂൾ മേഖലയിലുള്ളവരുടെ പക്ഷം. പായസത്തിന് പുറമെ ബോളി വിതരണം ചെയ്തും മുദ്രാവാക്യം വിളികളുമായും പ്രതിഷേധം ആഘോഷമായി മാറി.





