Palakkad

അട്ടപ്പാടിയിൽ പാറയിടുക്കിൽനിന്ന് രക്ഷപ്പെടുത്തിയ ആനക്കുട്ടി ചരിഞ്ഞു

Please complete the required fields.




പാലക്കാട്: അട്ടപ്പാടിയിലെ പാറയിടുക്കിൽ നിന്ന് വനംവകുപ്പ് രക്ഷപ്പെടുത്തിയ പന്ത്രണ്ട് ദിവസം മാത്രം പ്രായമുള്ള കാട്ടാനക്കുട്ടി ചരിഞ്ഞു. ധോണി ആനത്താവളത്തിലെ എലിഫന്റ് സാറ്റലൈറ്റ് ക്യാമ്പിൽ പ്രത്യേക പരിചരണത്തിൽ കഴിയവെ ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അന്ത്യം.

പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വൈകുന്നേരത്തോടെ ജഡം സംസ്കരിച്ചു. അട്ടപ്പാടി മേലേ അബ്ബന്നൂരിലെ പാറയിടുക്കിൽ കുടുങ്ങിക്കിടന്ന ആനക്കുട്ടിയെ പുതൂർ ദ്രുതപ്രതികരണ സേനയുടെ സഹായത്തോടെയാണ് വനംവകുപ്പ് നേരത്തെ രക്ഷപ്പെടുത്തിയത്.
തുടർന്ന് കുട്ടിയാനയെ അമ്മയാനയുടെ അടുത്തേക്ക് തിരിച്ചയക്കാൻ വനത്തിനുള്ളിൽ താൽക്കാലിക കൂട് ഒരുക്കി അഞ്ച് ദിവസത്തോളം അധികൃതർ കാത്തിരുന്നെങ്കിലും അമ്മയാന എത്തിയിരുന്നില്ല.
ഇതേത്തുടർന്നാണ് കഴിഞ്ഞ പതിനെട്ടാം തീയതിയോടെ കൂടുതൽ പരിചരണത്തിനായി ആനക്കുട്ടിയെ ധോണി ക്യാമ്പിലേക്ക് മാറ്റിയത്. പ്രശസ്ത പാപ്പാൻ ബൊമ്മനും ഭാര്യ സിന്ധുവുമായിരുന്നു ധോണിയിൽ ആനക്കുട്ടിയുടെ കാവലാളുകൾ.

ഡോക്ടർമാരുടെ കർശന മേൽനോട്ടത്തിൽ ലാക്ടോജനും കരിക്കിൻ വെള്ളവും നൽകി ആരോഗ്യനില നിലനിർത്താൻ ശ്രമിച്ചിരുന്നെങ്കിലും ഹൃദയസംബന്ധമായ അസുഖങ്ങൾ തിരിച്ചടിയായി.കഴിഞ്ഞ ശനിയാഴ്ച മുതൽ ബാധിച്ച വയറിളക്കവും നിലവിലെ കനത്ത ചൂടും ആനക്കുട്ടിയുടെ നില വഷളാക്കിയതായി എസ്.എഫ്.ഒ ശശിഭൂഷൺ വ്യക്തമാക്കി. പാലക്കാട് ഡി.എഫ്.ഒ രവികുമാർ മീണ, വെറ്ററിനറി സർജൻ ഡോ. ഡേവിഡ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി.ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചടങ്ങുകളിൽ പങ്കെടുത്തു.

Related Articles

Back to top button