Kollam

വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന 86-വയസ്സുള്ള വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസ്; ഒളിവിൽ കഴിയുകയായിരുന്ന 48-കാരൻ അറസ്റ്റിൽ

Please complete the required fields.




കൊല്ലം : വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന 86 വയസ്സുള്ള വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായി. തുമ്പോളി സ്വദേശി ഹാരിസ് (48) നെയാണ് ആലപ്പുഴ നോർത്ത് പൊലീസ് കൊല്ലം ചവറയിൽ നിന്ന് പിടികൂടിയത്. പീഡനത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ സൈബർ സെല്ലിന്റെയും രഹസ്യവിവരത്തിന്റെയും അടിസ്ഥാനത്തിലാണ് പൊലീസ് കണ്ടെത്തിയത്.

രണ്ടു ദിവസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവും മകനും മരിച്ചതിനെത്തുടർന്ന് വയോധിക വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ശാരീരിക അസ്വാസ്ഥ്യങ്ങൾ നേരിടുന്ന ഇവരെ വീട്ടിലെത്തിയ ഹാരിസ് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ ബന്ധുക്കൾ ഉടൻ തന്നെ നഗരസഭാ കൗൺസിലറെ വിവരം അറിയിച്ചു. കൗൺസിലർ മുഖേന പൊലീസിൽ പരാതി നൽകിയതോടെയാണ് ക്രൂരതയുടെ വിവരങ്ങൾ പുറംലോകമറിഞ്ഞത്. പീഡനത്തിന് ശേഷം ഇയാൾ സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു.

പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ഇയാളെ കണ്ടെത്തുന്നത് വെല്ലുവിളിയായിരുന്നു. എന്നാൽ കൊല്ലം ഭാഗത്ത് ഇയാൾ ഉണ്ടെന്ന സൂചന ലഭിച്ചതോടെ ആലപ്പുഴ നോർത്ത് സിഐ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം ചവറയിലെത്തി. അവിടെ ഒരു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. പൊലീസ് സംഘം വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.പീഡനത്തിനിരയായ വയോധികയുടെ ആരോഗ്യനില നിലവിൽ ഗുരുതരമായി തുടരുകയാണ്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Back to top button