
വടകര : വടകര മാർക്കറ്റ് റോഡിൽനിന്ന് കേരളക്വയർ തിയേറ്റർ ഭാഗത്തേക്ക് പോകുന്ന റോഡരികിലെ മതിൽ അപകടാവസ്ഥയിൽ. ബി.എസ്.എൻ.എൽ. ടെലിഫോൺ എക്സ്ചേഞ്ചിന്റെ ചുറ്റുമതിലാണ് കാൽനടയാത്രക്കാർക്കും വാഹനക്കാർക്കും സമീപത്തെ കച്ചവടക്കാർക്കും ഉൾപ്പെടെ ഭീഷണി ഉയർത്തുന്നത്.
മതിലിന്റെ ഒരുഭാഗം വിണ്ടുകീറിയ നിലയിലാണ്. ഏതുനിമിഷവും വീഴാവുന്ന അവസ്ഥയിലുമാണ്. അപകടാവസ്ഥയിലായ മതിലിനുസമീപത്തുകൂടെ ചോളംവയൽ റോഡിലേക്ക് കയറാൻപറ്റുന്ന ഒരു നടപ്പാത നേരത്തേയുണ്ടായിരുന്നു. അഞ്ചുവിളക്കിന് സമീപത്തേക്ക് ഈ റോഡിൽനിന്ന് ആളുകൾ എളുപ്പത്തിൽ എത്തിയിരുന്ന വഴികൂടിയായിരുന്നു ഇത്. എന്നാൽ, മതിലിന്റെ ഭീഷണിയും കാടുമൂടി കിടക്കുന്നതും കാരണം ഇതുവഴി ആരും പോകാറില്ല.
ദിവസവും ഒട്ടേറെ ആളുകൾ കാൽനടയായും വാഹനങ്ങളിലും യാത്രചെയ്യുന്ന റോഡുകൂടിയാണിത്. മത്സ്യമാർക്കറ്റിലും സമീപത്തും ശൗചാലയമില്ലാത്തതിനാൽ അപകടാവസ്ഥയിലായ മതിലിനുസമീപത്താണ് പലരും മൂത്രമൊഴിക്കുന്നത്. ഇതിനുപുറമേ മത്സ്യമാർക്കറ്റിൽനിന്ന് ഒഴുകുന്ന മലിനജലവും ഇതിനുസമീപത്തു കൂടിയാണ് ഓവുചാലിലേക്ക് പോകുന്നത്. മഴയാരംഭിക്കുന്നതിനുമുന്നേ മതിൽ പൊളിച്ച് പുതിയത് നിർമിക്കണമെന്നാണ് കച്ചവടക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.





