Ernakulam

സ്വർണവിലയിൽ റെക്കോർഡ് കുതിപ്പിന് ശേഷം വൻ വിലയിടിവ്

Please complete the required fields.




കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135 രൂപയായും പവന് 1,000 രൂപ കുറഞ്ഞ് 1,13,080 രൂപയായും സ്വർണവില താഴ്ന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 1,14,080 രൂപ ഇന്നലെ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിപണിയിൽ പെട്ടെന്നുള്ള ഈ തിരുത്തൽ ഉണ്ടായത്. ഈ ആഴ്ചയുടെ തുടക്കം മുതൽ സ്വർണവിലയിൽ വലിയ കുതിപ്പാണ് ദൃശ്യമായിരുന്നത്.

ആഭരണ പ്രേമികൾ കാത്തിരിക്കുന്ന ദിവസമായ അക്ഷയതൃതീയ ഈ ഞായറാഴ്ചയാണ്. മുൻ വർഷങ്ങളിലേതു പോലുള്ള വലിയ വിൽപനയ്ക്കു സാധ്യതയില്ലെങ്കിലും മെച്ചപ്പെട്ട കച്ചവടമാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം അക്ഷയതൃതീയ ദിനത്തിൽ 71,840 രൂപയായിരുന്നു പവന് വിലയെങ്കിൽ ഇപ്പോൾ 1.10 ലക്ഷത്തിന് മുകളിലാണ്. വിലയിൽ ഇന്നുണ്ടായ ഇടിവ് ആഭരണപ്രിയർക്കും വിവാഹ ആവശ്യത്തിന് സ്വർണാഭരണങ്ങൾ‌ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസം നൽകുന്നതാണ്. വിവാഹ സീസണിലെ വിലയിടിവ് വിപണിക്കും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലിയിൽ ഒന്നര ലക്ഷത്തിന് അടുപ്പിച്ചെങ്കിലും ചെലവ് വരും. പശ്ചിമേഷ്യൻ സംഘർഷമാണ് പ്രധാനമായി സ്വർണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടർന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

‘സുരക്ഷിത നിക്ഷേപം’ എന്ന നിലയിൽ സ്വർണനിക്ഷേപ പദ്ധതികൾ, സ്വർണക്കട്ടികൾ എന്നിവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. പരമ്പരാ​ഗത രീതിയിൽ നിന്നും മാറി വിവാഹ ആവശ്യക്കാർ കൂടുതലും സ്വർണം ഒഴിവാക്കിയുള്ള ബദൽ മാർ​ഗങ്ങളാണ് സ്വീകരിച്ചു വരുന്നത്. വിവാഹ ആവശ്യങ്ങൾക്കായി സ്വർണാഭരണം പോലെ തോന്നിപ്പിക്കുന്ന ആഭരണങ്ങൾ വാങ്ങുകയും വാടകയ്ക്ക് എടുക്കുകയും ചെയ്യുന്ന ട്രെൻഡാണ് നിലവിൽ കേരളത്തിലുള്ളത്.

Related Articles

Back to top button