
ഇടുക്കി: കിണർ വൃത്തിയാക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തൊഴിലാളി മരിച്ചു. ആനച്ചാൽ ചെങ്കുളത്ത് കിണർ വൃത്തിയാക്കാനിറങ്ങിയ മാങ്ങപ്പാറ ഉന്നതി സ്വദേശി ബെന്നി (56) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
നല്ല ആഴമുള്ള കിണറായിരുന്നു. കിണറ്റിൽ ഇറങ്ങിയ ഉടനെ ബെന്നിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേനയും നാട്ടുകാരും സ്ഥലത്തെത്തി കിണറ്റില്‍ നിന്നും അദ്ദേഹത്തെ പുറത്തെത്തിച്ചു. വളരെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് ബെന്നിയെ കിണറ്റില്‍ നിന്നും കയറ്റിയത്. പിന്നാലെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



