വന്ദേ ഭാരതിലെ ഭക്ഷണത്തിനെതിരെ വീണ്ടും പരാതി: യുവതിയുടെ ചുണ്ടുകൾ തടിച്ചു വീർത്തു, മെഡിക്കൽ റിപ്പോർട്ടുമായി യുവതി

വാരണാസി-ദിയോഘർ വന്ദേ ഭാരത് എക്സ്പ്രസിലെ ഭക്ഷണത്തെക്കുറിച്ച് ഗുരുതര ആരോപണവുമായി യാത്രക്കാരി രംഗത്ത്. ട്രെയിനിൽ നിന്ന് നൽകിയ ഭക്ഷണം കഴിച്ചതിനെ തുടർന്ന് തനിക്ക് കടുത്ത അലർജി ഉണ്ടായതായും രണ്ട് വയസ്സുള്ള മകന് വയറിളക്കം ബാധിച്ചതായും യുവതി പരാതിപ്പെട്ടു. ഒപ്പം ഭക്ഷണത്തിൽ നിന്നുള്ള അലർജി മൂലം ചുണ്ടുകൾ തടിച്ച് വീർത്തതിന്‍റെയും മെഡിക്കൽ റിപ്പോർട്ടുകളുടെയും ചിത്രങ്ങളും അവർ ഓൺലൈനിൽ പങ്കുവച്ചു. യുവതിയുടെ കുറിപ്പ് വൈറലായെങ്കിലും ഭക്ഷണത്തിന്‍റെ ഗുണനിലവാരം തൃപ്തികരമാണെന്നായിരുന്നു ഐആർസിടിസിയുടെ മറുപടി. അതേസമയം സമൂഹ മാധ്യമങ്ങളിൽ ഇന്ത്യൻ ട്രെയിനുകളിലെ ശുചിത്വത്തെ കുറിച്ചുള്ള ആശങ്കകൾ ശക്തമായി.
ഇതാദ്യമായല്ല വന്ദേ ഭാരതിലെ ഭക്ഷണത്തെ ചൊല്ലി പരാതി ഉയരുന്നത്. ഇനിന് മുമ്പും ഇത്തരം പരാതികൾ നിരവധി തവണ ഉയർന്നിരുന്നു. ദിമീഡിയോക്രീഫിൽ എന്ന ട്വിറ്റർ ഹാന്‍റിലിലൂടെ ആയുഷി എസാണ് പരാതി ഉന്നയിച്ചത്. വന്ദേ ഭാരതിലെ ഭക്ഷണം കാരണമാണ് തനിക്ക് ഈ അവസ്ഥയുണ്ടായതെന്ന് അവർ ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് പറഞ്ഞു. ഒപ്പം മെഡിക്കൽ റിപ്പോര്‍ട്ടുകളും പങ്കുവച്ചു. മാർച്ച് 27 -ന് വാരണാസിയിൽ നിന്ന് ദിയോഘറിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് നമ്പർ 22500 ട്രെയിനിൽ E1 കോച്ചിൽ യാത്ര ചെയ്യുന്നതിനിടെ കഴിച്ച ഭക്ഷണത്തിൽ നിന്നാണ് തനിക്ക് ഈ അവസ്ഥയുണ്ടായതെന്ന് യുവതി ആരോപിച്ചു.
വന്ദേ ഭാരതിൽ വിളമ്പിയ ഉച്ചഭക്ഷണം കഴിച്ച ഉടൻ തന്നെ തനിക്ക് കടുത്ത അലർജി ഉണ്ടായതായും യാത്രയ്ക്കിടെ തന്‍റെ രണ്ട് വയസുള്ള മകന് വയറിളക്കം ബാധിച്ചതായും ഇവർ പറയുന്നു. ചികിത്സ വൈകിയിരുന്നെങ്കിൽ തന്‍റെ അവസ്ഥ ഭീകരമായേനെയെന്നും അവർ കൂട്ടിച്ചേർത്തു. 24 മണിക്കൂറിനുള്ളിൽ ചികിത്സ തേടിയെന്നും അതിനാൽ വലിയ പ്രശ്നങ്ങളില്ലാതെ പോയെന്നും അവർ പറയുന്നു. ഒപ്പം ട്രെയിൽ ലഭിക്കുന്ന കുടിവെള്ളത്തിന് അസാധാരണമായ രുചിയായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.





