
മുംബൈ: യുവതിയെ പീഡിപ്പിച്ച കേസിൽ സ്വയംപ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഘറിലെ ഋഷികേശ് വൈദ്യ(40) എന്നയാളെയാണ് പുണെ സ്വദേശിനിയായ 35-കാരിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഭഗവാൻ ശിവന്റെ അവതാരമെന്ന് അവകാശപ്പെട്ടാണ് ആൾദൈവമായ ഋഷികേശ് വൈദ്യ തന്നെ പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. 2023-ൽ ഫെയ്‌സ്ബുക്ക് വഴിയാണ് യുവതിയും പ്രതിയും പരിചയപ്പെടുന്നത്. 2023 ഡിസംബറിൽ പ്രതി പുണെയിലെത്തി യുവതിയെ കണ്ടു. തുടർന്ന് താൻ ഭഗവാൻ ശിവന്റെ അവതാരമാണെന്നും യുവതി തന്റെ പാർവതിയാണെന്നും വിശ്വസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനദൃശ്യങ്ങൾ പ്രതി മൊബൈൽഫോണിൽ പകർത്തിയതായും പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. കഴിഞ്ഞ മേയ് മാസത്തിൽ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി വീണ്ടും പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.
കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലെ മറ്റൊരു ആൾദൈവവും പ്രമുഖ ജ്യോത്സ്യനുമായ ‘ക്യാപ്റ്റൻ ഖരാത്തി’നെ പീഡനക്കേസിൽ പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. ഈ വാർത്തകൾ കണ്ടതോടെയാണ് ഇതുവരെ പരാതിനൽകാൻ ഭയന്നിരുന്ന യുവതി ഋഷികേശ് വൈദ്യക്കെതിരേ പരാതി നൽകാനായി മുന്നോട്ടുവന്നതെന്നും പോലീസ് പറഞ്ഞു.





