Kozhikode

രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്ട്; കടപ്പുറത്ത് മഹാറാലി, നഗരത്തിൽ ഉച്ച മുതൽ ‍ഗതാഗത നിയന്ത്രണം

Please complete the required fields.




കോഴിക്കോട് : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നു വൈകിട്ട് 4.30ന് കടപ്പുറത്തെ മഹാറാലിയിൽ പങ്കെടുക്കും. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണു മഹാറാലി. സംസ്ഥാനത്ത് യുഡിഎഫിന്റെ ഔദ്യോഗിക പ്രചാരണ പരിപാടികളുടെ തുടക്കമാണിത്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ അടങ്ങിയ ഗ്യാരണ്ടി കാർഡ് രാഹുൽ അവതരിപ്പിക്കും.

യുഡിഎഫിന്റെ സംസ്ഥാനതല പ്രചാരണത്തിനു തയാറാക്കിയ ബസും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും. യുഡിഎഫ് സംസ്ഥാന നേതാക്കളും വേദിയിലെത്തും. മഹാറാലിക്കു ശേഷം കോഴിക്കോട് വിമാനത്താവളത്തിലേക്കു പ്രത്യേക ബസിലാണു രാഹുലിന്റെ മടക്കം. രാഹുലിനൊപ്പം ആരോഗ്യ മേഖലയിലെ താളപ്പിഴകളുടെ ഇരയായ കെ.കെ.ഹർഷിനയും ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡൻറ് കെ.പ്രവീൺകുമാർ അറിയിച്ചു. ഫുട്ബോൾ താരങ്ങൾ, തൊഴിലുറപ്പു തൊഴിലാളികൾ, വനിതാ ബസ് ജീവനക്കാർ എന്നിവരുൾപ്പെടെ സമൂഹത്തിന്റെ ആറു മേഖലകളിൽ നിന്നുള്ള വ്യക്തികളും കോൺഗ്രസ് നേതാക്കളും ബസിൽ രാഹുലിനൊപ്പം വിമാനത്താവളം വരെ യാത്ര ചെയ്യും. മഹാറാലിക്കായി പ്രത്യേക വിമാനത്തിൽ വൈകിട്ടു മൂന്നു മണിയോടെയാണു രാഹുൽ കരിപ്പൂരിലെത്തുക.

യുഡിഎഫ് മഹാറാലി കണക്കിലെടുത്ത് ഉച്ചയ്ക്ക് 2നു ശേഷം ബീച്ചിൽ കൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിക്കും. ഒരാൾ മാത്രമായി യാത്ര ചെയ്യുന്ന 4 ചക്രവാഹനങ്ങൾ നഗരത്തിന് പുറത്തു പാർക്ക് ചെയ്യണം. കണ്ണൂർ റോഡ്, രാജാജി റോഡ്, മാവൂർ റോഡ്, പുതിയറ റോഡ്, മീഞ്ചന്ത ബൈപാസ്, എരഞ്ഞിപ്പാലം ബൈപാസ് റോഡ്, വയനാട് റോഡ് എന്നിവിടങ്ങളിൽ പാർക്കിങ് നിരോധിച്ചു.

Related Articles

Back to top button