Ernakulam

മഞ്ഞപ്പടയിലേക്ക് പുതിയ ‘മണിപ്പൂരി കരുത്ത്’; യുവ വിങ്ങർ ടൈസൺ സിംഗിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

Please complete the required fields.




കൊച്ചി: ഐഎസ്എല്ലിന്റെ നടപ്പ് സീസണിൽ കരുത്ത് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി യുവ വിങ്ങർ ടൈസൺ സിംഗിനെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി സ്വന്തമാക്കി. മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ റിസർവ് ടീമിൽ നിന്നാണ് ഈ ഇരുപത്തിയൊന്നുകാരൻ മഞ്ഞപ്പടയുടെ ഭാഗമാകുന്നത്.
വിങ്ങുകളിൽ മിന്നൽ വേഗത്തിൽ പന്തുമായി കുതിക്കാൻ ശേഷിയുള്ള ടൈസൺ, മധ്യനിരയിലും മുന്നേറ്റനിരയിലും ഒരുപോലെ തിളങ്ങാൻ കെൽപ്പുള്ള അക്രമണോത്സുക ഫുട്ബോളറാണ്. മണിപ്പൂരിൽ നിന്നുള്ള ഈ യുവപ്രതിഭ ഇതിനോടകം തന്നെ ഇന്ത്യയുടെ അണ്ടർ 20 ദേശീയ ടീമിനായി ബൂട്ട് കെട്ടിയിട്ടുണ്ട്.

ചണ്ഡീഗഡ് ഫുട്ബോൾ അക്കാദമിയിലൂടെ വളർന്ന ടൈസൺ, 2020-21 കാലഘട്ടത്തിൽ ഇന്ത്യൻ ആരോസിലൂടെയാണ് പ്രൊഫഷണൽ കരിയറിന് തുടക്കമിട്ടത്. ഐ ലീഗ്, റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗ് എന്നിവയിലെ മികച്ച പ്രകടനങ്ങൾക്ക് ശേഷമാണ് താരം ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് എത്തുന്നത്.

യുവതാരങ്ങളെ വളർത്തിയെടുക്കുന്ന ബ്ലാസ്റ്റേഴ്‌സിന്റെ ശൈലിക്ക് ഏറ്റവും അനുയോജ്യമായ താരമാണ് ടൈസൺ എന്ന് സിഇഒ അഭിക് ചാറ്റർജി അഭിപ്രായപ്പെട്ടു. താരത്തെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നതിൽ വലിയ സന്തോഷമുണ്ടെന്നും ഈ സീസണിൽ ടീമിനെ ലക്ഷ്യങ്ങളിലേക്ക് നയിക്കാൻ ടൈസന്റെ കഴിവുകൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ടീമിനൊപ്പം ചേർന്ന ടൈസൺ സിംഗ് വരും മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളത്തിലിറങ്ങാൻ പൂർണ്ണ സജ്ജനാണ്.

Related Articles

Back to top button