
കോഴിക്കോട് : റെയിൽവേ സ്റ്റേഷനു സമീപമുള്ള സെന്റ് പാട്രിക്സ് പള്ളിക്കു പിന്നിലെ മതബോധന ഓഫിസിലെ തീപിടിത്തതിൽ സിസിടിവി കേന്ദ്രീകരിച്ച് ചെമ്മങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു .
ഇന്ന് പുലർച്ചെ ഏകദേശം 4.45 ന് ആണ് തീപിടിത്തം ഉണ്ടായത്. കെട്ടിടം പൂർണമായും കത്തിനശിച്ചു. ചാലപ്പുറം പുഷ്പ ജംക്ഷനു സമീപം ഫ്രാൻസിസ് പാലത്തിന്റെ തുടക്കത്തിൽ റെയിൽവേ പാളത്തിന് തൊട്ടടുത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്.
കെട്ടിടത്തിന് സമീപം പാർക്ക് ചെയ്ത കാറിനും ഭാഗികമായി തീപിടിച്ചു. പള്ളി വികാരിയുടെ കാറിനാണ് തീപിടിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്ക് ചാടുന്നത് കാണാം. പള്ളിയുടെ കെട്ടിടത്തിനും കാറിനും ആരോ തീയിട്ടുവെന്നാണ് പ്രാഥമിക നിഗമനം.
സെന്റ് പാട്രിക്സ് പള്ളിക്ക് പിന്നിൽ മതബോധന ക്ലാസുകൾ നടന്നുവന്ന പഴയ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. രൂപക്കൂട്, വിളക്ക്, രൂപങ്ങൾ, പളളിയുമായി ബന്ധപ്പെട്ട രേഖകൾ, പുസ്തകങ്ങൾ തുടങ്ങിയവയാണ് ഉണ്ടായിരുന്നത്. മേൽക്കൂരയും ഫർണിച്ചറുകളും ഉൾപ്പെടെ കെട്ടിടം പൂർണമായും നശിച്ചു. പളളിപ്പെരുന്നാളിന് സൂക്ഷിച്ച സാധനങ്ങളും കത്തിനശിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചു. സമീപത്തുള്ള പള്ളിയുടെ പ്രധാന വാതിൽ തീപിടിത്തത്തിൽ ചെറിയ തോതിൽ കത്തിയ നിലയിലാണ്. കെട്ടിടത്തിൽനിന്ന് പുക ഉയരുന്നതിനിടെ ഒരാൾ മുകളിലൂടെ കടന്നു പോകുന്നതും തുടർന്ന് താഴേക്ക് ചാടി രക്ഷപ്പെടുന്നതുമാണ് സമീപത്തെ വീട്ടിൽ സ്ഥാപിച്ച സിസിടിവിയിൽ നിന്നുളള ദൃശ്യങ്ങളിൽ ഉള്ളത്. ഇതിൽ ദുരൂഹത ഉണ്ടെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി പള്ളി വികാരി ആന്റണി പാലത്തറയിൽ അറിയിച്ചു. ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പളളിയാണ് സെന്റ് പാട്രിക്സ് ചർച്ച്.





