Kozhikode

വന്യജീവി പട്ടയ വിഷയങ്ങളില്‍ ഇടപെടുന്നതിന് ദീപികയുടെ നിലപാടുകള്‍ സഹായിച്ചു മന്ത്രി പി.എ.മുഹമ്മദ് റിയാസ്

Please complete the required fields.




കോഴിക്കോട്: വന്യജീവി, പട്ടയഭൂമി വിഷയങ്ങളില്‍ ദീപിക സ്വീകരിച്ച ശക്തമായ ജനപക്ഷ നിലപാടുകള്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെടല്‍ നടത്തുന്നതിന് സര്‍ക്കാരിന് സഹായകരമായിട്ടുണ്ടെന്ന് പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
ദീപിക ദിനപത്രത്തിന്റെ 139-ാം വാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സഹായകരമായ നിലപാടാണ് എല്ലാക്കാലവും ദീപിക സ്വീകരിച്ചത്. എറെ പ്രതിസന്ധികള്‍ നിറഞ്ഞ കാലഘട്ടത്തിലൂടെ കടന്നു വന്ന് 139 വര്‍ഷം പൂര്‍ത്തിയാക്കുന്ന ദീപിക സമൂഹത്തില്‍ വിവിധ തലങ്ങളിലുണ്ടാക്കിയ മാറ്റം വളരെ വലുതാണ്. കാര്‍ഷിക മേഖലയിലെ തെറ്റായ കരാറുകള്‍ക്കെതിരേയും നയങ്ങള്‍ക്കെതിരേയും ശക്തമായനിലപാട് സ്വീകരിക്കാന്‍ ദീപിയ്ക്കായി. ഇതുവഴി മലയോര ജനതയെ ഒന്നിപ്പിച്ച് നിര്‍ത്താനും കഴിഞ്ഞു. കേരളത്തില്‍ മാധ്യമ മേഖലയിലുണ്ടായ മാറ്റം ശരിയാവണ്ണം ഉള്‍ക്കൊണ്ടുവെന്നതാണ് ദീപികയുടെ പ്രത്യേകത. മലയാള അച്ചടിമാധ്യമങ്ങള്‍ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് സമുക്കറിയാം. പത്രം വായിക്കുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍കുറഞ്ഞുവരികയാണ്. വായിക്കുന്നവരാകട്ടെ തലക്കെട്ടുകള്‍ മാത്രം കണ്ണോടിച്ച് പോകുന്നു. ഓണ്‍ ലൈന്‍ പോര്‍ട്ടല്‍ പ്രധാന്യം മറ്റുപത്രങ്ങള്‍ ആലോചിക്കുന്നതിന് മുമ്പു തന്നെ തിരിച്ചറിയുകയും നടപ്പിലാക്കുകയും ചെയ്ത പത്രമാണ് ദീപികയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള ദീപിക എക്സലന്‍സ് പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു. തിരുവമ്പാടി സക്സസ് ഗാര്‍ട്ടന്‍ ഫൗണ്ടര്‍ ഡയറക്ടര്‍ ചിന്റു എം.രാജു, കൂടത്തായി സെന്റ്് മേരീസ് ഹൈസ്‌ക്കൂള്‍ മാനേജര്‍ ഫാ. ബിബിന്‍ ജോസ് സിഎംഐ, ഹെഡ്മാസ്റ്റര്‍ തോമസ് അഗസ്റ്റിന്‍, അലോഹ ഗ്രൂപ്പ് സിഇഒ -എംഡി പി.കെ. മുഹമ്മദ് ബാസിത്, ജൈവ കര്‍ഷകന്‍ തിരുവമ്പാടി പുരയിടത്തില്‍ പി.ജെ. തോമസ്, കവി പി.കെ. ഗോപി, സിനിമാ നടനും ഹാസ്യതാരവുമായ അശ്വിന്‍, അശ്വിന്റെ മാതാവ് ശ്രീരജനി (ഒരു ചിരി ഇരുചിരി ബംബര്‍ ചിരി ഫെയിം) എന്നിവരാണ് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയത്.

ചടങ്ങില്‍ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു.ബിഷപ് എമിരറ്റസ് (കല്യാണ്‍ രൂപത) മാര്‍ തോമസ് ഇലവനാല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.എം.കെ. രാഘവന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. ദീപിക കോഴിക്കോട് യൂണിറ്റ് റെസിഡന്റ്് മാനേജര്‍ ഫാ. ഷെറിന്‍ പുത്തന്‍പുരയ്ക്കല്‍, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍,കോഴിക്കോട് അതിരൂപത വികാരി ജനറാള്‍ മോണ്‍. ജെന്‍സന്‍ പുത്തന്‍വീട്ടില്‍, കവി പി.കെ. ഗോപി, ദീപിക താമരശേരി രൂപത ഡിഎഫ്സി പ്രസിഡന്റ് ജോര്‍ജ് വട്ടുകളം, എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സാക്സ്ഫോണ്‍ ഫ്യൂഷനും അരങ്ങേറി.

Related Articles

Back to top button