Palakkad

രാഹുലിന് പകരം പിഷാരടി എത്തിയേക്കും; കെ. മുരളീധരൻ വട്ടിയൂർക്കാവിൽ; കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ വൻ ട്വിസ്റ്റ്

Please complete the required fields.




പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ നടനും സംവിധായകനുമായ രമേഷ് പിഷാരടി സമ്മതം മൂളി. കോൺഗ്രസിന്റെ പ്രാഥമിക സ്ഥാനാർത്ഥി പട്ടികയിൽ പിഷാരടിയുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്. നേരത്തെ പരിഗണിച്ചിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കിയ സാഹചര്യത്തിൽ പാലക്കാട് മണ്ഡലത്തിൽ രമേഷ് പിഷാരടി ജനവിധി തേടിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

വട്ടിയൂർക്കാവ് മണ്ഡലത്തിൽ കെ. മുരളീധരൻ മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് പാലക്കാട് പിഷാരടിയുടെ പേര് സജീവ പരിഗണനയിലേക്ക് വന്നത്. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥന്റെ പേരും ചർച്ചകളിൽ ഉയർന്നെങ്കിലും ഒടുവിൽ പിഷാരടിയിലേക്ക് പാർട്ടി നേതൃത്വം എത്തുകയായിരുന്നു. സിനിമാ-സാംസ്കാരിക രംഗത്തെ താരപ്രഭ മണ്ഡലം നിലനിർത്താൻ സഹായിക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥിക പട്ടിക എഐസിസി സ്ക്രീനിംഗ് കമ്മിറ്റിക്ക് കെപിസിസി കൈമാറിയിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ യാത്രക്ക് ശേഷം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി. അന്‍പത് പേരുടെ പട്ടിക എപ്പോള്‍ വേണമെങ്കിലും പുറത്ത് വിടാന്‍ സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അവകാശപ്പെട്ടു. സിറ്റിംഗ് മണ്ഡലങ്ങളും, ഒറ്റപ്പേരിലെത്തിയ മറ്റ് മണ്ഡലങ്ങളുമുള്‍‍പ്പെടുന്ന പട്ടികയാണ് ഇന്നത്തെ ചര്‍ച്ചയില്‍ മധുസൂദന്‍ മിസ്ത്രി അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറിയത്.

മധുസൂദന്‍ മിസ്ത്രി അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റിയുമായി രണ്ട് മണിക്കൂറോളം നേരം ചര്‍ച്ച നടത്തിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ആദ്യ ഘട്ട പട്ടിക കൈമാറിയത്. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴികെയുള്ളിടത്ത് സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിക്കട്ടേയെന്നാണ് ഒടുവിലത്തെ തീരുമാനം. പാലക്കാടും,‌ തൃപ്പൂണിത്തുറയിലും ചര്‍ച്ചകള്‍ തുടരുകയാണ്. വട്ടിയൂർക്കാവിൽ കെ മുരളീധരന്‍, നെയ്യാറ്റിന്‍കര എന്‍ ശക്തന്‍, കൊട്ടാരക്കര ഐഷ പോറ്റി, പത്തനാപുരം ജ്യോതികുമാര്‍ ചാമക്കാല, കൊല്ലം ബിന്ദുകൃഷ്ണ, ആറന്‍മുള അബിന്‍ വർക്കി, അരൂര്‍ ഷാനിമോള്‍ ഉസ്മാന്‍, പീരുമേട് സിറിയക് തോമസ്, കൊടുങ്ങല്ലൂല്‍ ഒജെ ജനീഷ്, മണലൂര്‍ ടി എന്‍ പ്രതാപന്‍, തൃത്താല വിടി ബല്‍റാം, നാദാപുരം കെ എം അഭിജിത്ത്, കൊയിലാണ്ടി പ്രവീണ്‍ കുമാര്‍ എന്നിങ്ങനെയാണ് ആദ്യ പട്ടികയിലെ മറ്റ് സാധ്യത. അമ്പലപ്പുഴ, തൃപ്പൂണിത്തുറ, ഉടുമ്പന്‍ചോല എന്നീ മൂന്ന് മണ്ഡലങ്ങളില്‍ എം ലിജുവിന്‍റെ പേരുണ്ട്. സംവരണ മണ്ഡലമായ അടൂരില്‍ രമ്യ ഹരിദാസിനെ ഇറക്കിയേക്കും. തിരുവമ്പാടിയില്‍ വി എസ് ജോയിയുടെ പേരിനാണ് മുന്‍തൂക്കം.

Related Articles

Back to top button