Kozhikode

റോഡിനുകുറുകേ ചാടിയ തെരുവുനായകൾ ഇടിച്ച് സ്കൂട്ടർ മറിഞ്ഞ് പത്രവിതരണക്കാരന് പരിക്ക്

Please complete the required fields.




താമരശ്ശേരി : താമരശ്ശേരിയിൽ റോഡിനുകുറുകേ ചാടിയ തെരുവുനായകൾ ഇടിച്ച് സ്കൂട്ടർ മറിഞ്ഞ് പത്രവിതരണക്കാരന് പരിക്കേറ്റു. താമരശ്ശേരി കാരാടിയിലെ ‘മാതൃഭൂമി’യുടെ പത്രവിതരണ ഏജന്റായ താമരശ്ശേരി കുറ്റിയാക്കിൽ സുന്ദരൻ എന്ന മോഹനനാ(58)ണ് പരിക്കേറ്റത്. താമരശ്ശേരി പഴയ ബസ്‌സ്റ്റാൻഡിനുസമീപം വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് സംഭവം.

പത്രവിതരണത്തിനായി താമരശ്ശേരി ചുങ്കം ഭാഗത്തേക്ക് പോവുകയായിരുന്നു സുന്ദരൻ. ഈസമയം സമീപത്തെ ബേക്കറിക്കരികിലുള്ള ഇടറോഡിലൂടെ തെരുവുനായകളുടെ ഒരുകൂട്ടം ഉച്ചത്തിൽ കുരച്ചുകൊണ്ട് ഓടിവരുകയും റോഡിനുകുറുകേ ചാടുകയുമായിരുന്നു. വാഹനം നിയന്ത്രണംവിട്ട് ഫുട്പാത്തിന്റെ അരികിൽച്ചെന്നിടിച്ച് സ്കൂട്ടറും സുന്ദരനും റോഡിലേക്കുവീഴുകയായിരുന്നു. അപകടത്തിൽ ഇദ്ദേഹത്തിന്റെ കൈകാലുകൾക്ക്‌ പരിക്കേറ്റു.

താമരശ്ശേരി പഴയ ബസ്‌സ്റ്റാൻഡ്, പുതിയ ബസ്‌സ്റ്റാൻഡ്, ചുങ്കം, കാരാടി, ബൈപ്പാസ് റോഡ്, കോരങ്ങാട് തുടങ്ങി താമരശ്ശേരിയിലെ മിക്കയിടങ്ങളിലും ഇടറോഡുകളിലുമെല്ലാം രാപകൽ ഭേദമന്യേ തെരുവുനായശല്യം രൂക്ഷമാണ്. നേരമിരുട്ടിയാൽ കൂട്ടമായി ഓടിയെത്തുകയും കടിപിടികൂടുകയുംചെയ്യുന്ന തെരുവുനായകൾ ബസ് കാത്തിരിക്കുന്നവരുടെയും കാൽനട-വാഹന യാത്രക്കാരുടെയും പേടിസ്വപ്നമാണ്.

തെരുവുനായശല്യംകാരണം വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഭയാശങ്കകളോടെയാണ് നിരത്തുകളിലൂടെ യാത്രചെയ്യുന്നത്. ഇവയെ നിയന്ത്രിക്കാൻ പഞ്ചായത്തധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ ശ്രമങ്ങളുണ്ടാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

Related Articles

Back to top button