
കോഴിക്കോട് : പിണറായി സർക്കാർ എവിടെയൊക്കെയാണോ പരാജയപ്പെട്ടത് അവിടെയൊക്കെ കേരളത്തെ കൈപിടിച്ചുയർത്തുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സ്വപ്നതുല്യമായ പദ്ധതികളുമായാണ് യു.ഡി.എഫ്. വരുന്നത്. പുതുയുഗയാത്ര തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും കേരളത്തിന്റെ സമഗ്രപദ്ധതിയാണ് അവതരിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ‘പുതുയുഗയാത്ര’യ്ക്ക് കോഴിക്കോട് മുതലക്കുളത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ.
ഇവിടെ കമ്യൂണിസ്റ്റ് പാർട്ടി സംഘപരിവാറിന്റെ അതേപാതയിൽ വർഗീയത പറയുകയാണ്. സജി ചെറിയാനെപ്പോലെ ഒരു മന്ത്രിതന്നെ പച്ചയ്ക്ക് വർഗീയതപറയുന്നു. നാലുവോട്ടിനുവേണ്ടി യു.ഡി.എഫ്. വർഗീയതയുമായി കോംപ്രമൈസ് ചെയ്യില്ല. മതേതരകേരളം ഈ നിലപാട് കൈനീട്ടി സ്വീകരിക്കും. പിണറായി വിജയനും വി.ഡി. സതീശനുമൊക്കെ കുറച്ചുകാലമേ ഇവിടെയുണ്ടാവൂ. അടുത്തതലമുറയ്ക്ക് ഇവിടെ ജീവിക്കണം. അവരെ മതത്തിന്റെപേരിൽ തമ്മിലടിപ്പിക്കരുത്. വർഗീയത പറയുന്നവരോട് നമ്മൾ ചേർന്നുനിന്ന് ഇങ്ങോട്ടുവരേണ്ടെന്ന് പറയണം. എല്ലാ മലയാളിക്കും അത് പറയാനുള്ള ആർജവം യു.ഡി.എഫ്. നൽകണം. നമ്മുടെ നാടാണ് നമുക്ക് പ്രധാനം -സതീശൻ പറഞ്ഞു.
ശബരിമലയിൽ അയ്യപ്പന്റെ സ്വർണം കൊള്ളയടിച്ച മൂന്ന് നേതാക്കൾക്കെതിരേ നടപടിയില്ല. പക്ഷേ, രക്തസാക്ഷിഫണ്ട് കട്ടു എന്നുപറഞ്ഞ ഉത്തമകമ്യൂണിസ്റ്റിനെ പുറത്താക്കി. കൊച്ചിയിൽ അഭിമന്യുവിന്റെ ഫണ്ട് അടിച്ചുമാറ്റി. തിരുവനന്തപുരത്ത് വിഷ്ണുവിന്റേതും. രക്തസാക്ഷിയുടെ കുടുംബംപോലും വെറുക്കുന്ന പാർട്ടിയായി സി.പി.എം. മാറി. പക്ഷേ, നല്ല സി.പി.എമ്മുകാരെ കണ്ടാൽ ചിരിക്കണം. അവരാണ് നമുക്ക് നാളെ വോട്ടുചെയ്യാൻ പോവുന്നത്. ഇടതുപക്ഷ സഹയാത്രികരെ കണ്ടാൽ ചേർത്തുപിടിച്ചോളണം. ഈ സർക്കാരിനെ താഴെയിറക്കാൻ അവർക്കാണ് വാശിയെന്നും സതീശൻ പറഞ്ഞു.
കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല സ്വീകരണം ഉദ്ഘാടനംചെയ്തു. ഒരു മഹാരാജാവും സദസ്സിലെ കുറെ വിദൂഷകരുമാണ് ഇന്ന് മന്ത്രിസഭയിലുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാജാവിന് വെൺചാമരവും ആനവട്ടവും പിടിച്ച് റാൻമൂളികളായി ഒപ്പുവെക്കുന്ന മന്ത്രിമാരാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ അധ്യക്ഷനായി.
എം.എൽ.എ.മാരായ ടി. സിദ്ദിഖ്, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, കെ.പി.സി.സി. മുൻ പ്രസിഡന്റ് എം.എം. ഹസൻ, സി.പി. ജോൺ, ഷാനിമോൾ ഉസ്മാൻ, കെ.എം. ഷാജി, പി.വി. അൻവർ, കെ. ജയന്ത്, പി.എം. നിയാസ്, ബി.ആർ.എം. ഷഫീർ, വി.ഡി. ജോസഫ്, അഹമ്മദ് പുന്നക്കൽ, എം.സി. മായിൻഹാജി, പി.കെ. ഫിറോസ്, സി.കെ. സുബൈർ, പാറക്കൽ അബ്ദുള്ള, കെ.സി. അബു, സി.പി. ചെറിയമുഹമ്മദ്, എം.എ. റസാഖ്, ടി.ടി. ഇസ്മയിൽ, എസ്.കെ. അബൂബക്കർ, ഫാത്തിമ തഹ്ലിയ എന്നിവർ പങ്കെടുത്തു.





