India

ഗ്രീക്ക് തീരത്ത് വൻ ദുരന്തം; കോസ്റ്റ് ഗാർഡ് കപ്പലും കുടിയേറ്റ ബോട്ടും കൂട്ടിയിടിച്ച് 14 മരണം

Please complete the required fields.




ഏഥൻസ്: ഗ്രീക്ക് കോസ്റ്റ് ഗാർഡ് കപ്പലും കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള സ്പീഡ് ബോട്ടും കൂട്ടിയിടിച്ച് 14 പേർ മരിച്ചു. തുർക്കി തീരത്തിനടുത്തുള്ള ചിയോസ് ദ്വീപിന് സമീപമാണ് ദാരുണമായ ഈ അപകടം നടന്നത്.
അപകടകരമായ രീതിയിൽ സഞ്ചരിക്കുകയായിരുന്ന സ്പീഡ് ബോട്ടിനെ പിന്തുടരുന്നതിനിടെയാണ് കൂട്ടിയിടിയുണ്ടായതെന്ന് ഗ്രീക്ക് അധികൃതർ വ്യക്തമാക്കി. അപകടത്തിൽപ്പെട്ട ബോട്ട് പൂർണ്ണമായും തകർന്നു. മരിച്ചവരിൽ ഭൂരിഭാഗവും കുടിയേറ്റക്കാരാണ്. സംഭവത്തിൽ കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

ചിയോസ് കടലിടുക്കിലാണ് കപ്പലും ബോട്ടും കൂട്ടിയിടിച്ചത്. 24 കുടിയേറ്റക്കാരെ രക്ഷപ്പെടുത്തി. അവരിൽ ചിലർ ഗുരുതരമായി പരിക്കേറ്റ നിലയിലാണ്. നിരവധി പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. എത്ര പേരെ കണ്ടെത്താനുണ്ടെന്ന കൃത്യമായ കണക്കും ലഭ്യമല്ല. കൂട്ടിയിടിക്കാനുണ്ടായ കാരണം എന്താണെന്ന് കോസ്റ്റ്ഗാർഡ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.നാല് കോസ്റ്റ്ഗാർഡ് കപ്പലുകൾ, സ്വകാര്യ ഉടമസ്ഥതയിലുള്ള ബോട്ട്, ഒരു ഹെലികോപ്റ്റർ എന്നിവയാണ് തെരച്ചിൽ നടത്തുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരിൽ ഏഴ് കുട്ടികളും ഒരു ഗർഭിണിയും രണ്ട് കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതായി ഗ്രീക്ക് സ്റ്റേറ്റ് മാധ്യമം ഇആർടി അറിയിച്ചു. തുടക്കത്തിൽ നാല് മരണമാണ് റിപ്പോർട്ട് ചെയ്തത്. പിന്നീട് 10 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ സ്ഥിരീകരിച്ച മരണസംഖ്യ 14 ആയി.

യൂറോപ്പിലേക്ക് മെഡിറ്ററേനിയൻ കടൽ കടന്നുള്ള യാത്രക്കിടെ നിരവധി കുടിയേറ്റക്കാരുടെ ജീവൻ ഇതിനകം പൊലിഞ്ഞു. കഴിഞ്ഞ വർഷം നവംബറിൽ മാത്രം മെഡിറ്ററേനിയൻ കടലിലൂടെയും അറ്റ്ലാന്റിക് സമുദ്രത്തിലൂടെയും യൂറോപ്പിലേക്കുള്ള യാത്രക്കിടെ 1700 ൽ അധികം കുടിയേറ്റക്കാർ മരിക്കുകയോ കാണാതാവുകയോ ചെയ്തതായി യുഎൻ അഭയാർത്ഥി ഏജൻസി അറിയിച്ചു. 2014 മുതൽ മെഡിറ്ററേനിയൻ കടലിൽ ഏകദേശം 33,000 കുടിയേറ്റക്കാർ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് കുടിയേറ്റക്കാരുടെ അന്താരാഷ്ട്ര സംഘടന അറിയിച്ചു.

Related Articles

Back to top button