Kozhikode

പുതിയ പദ്ധതി;പുതിയ വെള്ളം; ജല ജീവൻ മിഷനിൽ ഉൾപ്പെട്ട പദ്ധതിക്കു ചെലവ് 1,035 കോടി രൂപ

Please complete the required fields.




കോഴിക്കോട് : ജില്ലയിലെ 17 പഞ്ചായത്തുകളിലേക്കു പെരുവണ്ണാമൂഴിയിൽ ജല അതോറിറ്റി പുതിയ ശുദ്ധജല പദ്ധതി നടപ്പാക്കുന്നു. പെരുവണ്ണാമൂഴി റിസർവോയറിൽ നിലവിലെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ 174 എംഎൽഡി പ്ലാന്റിനോടു ചേർന്നാണ് പുതിയ പദ്ധതി. ജല ജീവൻ മിഷനിൽ ഉൾപ്പെടുത്തിയ പദ്ധതിക്കു 1,035 കോടി രൂപയാണ് ചെലവ്.നിലവിൽ ജപ്പാൻ കുടിവെള്ള പദ്ധതിക്കായി റിസർവോയറിൽ കോൺക്രീറ്റ് കിണർ നിർമിച്ച് അതിൽ നിന്നു വെള്ളം പമ്പ് ചെയ്യുകയാണ് ചെയ്യുന്നത്. എന്നാൽ 100 എംഎൽഡിയുടെ പുതിയ പ്ലാന്റ് റിസർവോയറിൽ ഫ്ലോട്ടിങ് ഇൻഡേക്ക് സിസ്റ്റം പ്രകാരമാണ് പമ്പിങ് നടത്തുക.

റിസർവോയറിൽ ബോട്ട് സജ്ജീകരിച്ച് പമ്പിങ് മോട്ടറുകൾ ഇതിനിടയിൽ ഘടിപ്പിക്കും. കരയിൽ സ്ഥാപിക്കുന്ന ഇലക്ട്രിക്കൽ സബ് സ്റ്റേഷനിൽ നിന്ന് കേബിൾ മുഖേന ബോട്ടിലേക്കു വൈദ്യുതി എത്തിക്കും. സംസ്ഥാനത്ത് ആദ്യമായി പീച്ചി അണക്കെട്ടിലാണ് ഇത്തരത്തിലുള്ള പമ്പിങ് സംവിധാനം ആരംഭിച്ചത്. രണ്ടാമതായാണ് പെരുവണ്ണാമൂഴിയിൽ. കിണർ ഇല്ലാതെ ജലവിതാനത്തിനു അനുസരിച്ച് പമ്പിങ് നടത്താൻ ഇതിലൂടെ സാധ്യമാകുമെന്നതും പ്രത്യേകതയാണ്.

പ്ലാന്റിന്റെ പ്രവൃത്തി ടെൻഡർ വിളിച്ചു. പ്ലാന്റ് ഇൻഡേക്ക്, പവർ സ്റ്റേഷൻ, ഗ്രാവിറ്റി മെയിൻ, ജല സംഭരണികൾ, പ്രധാന വിതരണ ലൈനുകൾ എന്നിവയ്ക്കു മാത്രമായി 635 കോടി രൂപയാണ് കണക്കാക്കുന്നത്. 2024 മാർച്ചിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നു ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ ഡോ. പി.ഗിരീഷൻ പറഞ്ഞു.

പഞ്ചായത്തുകൾ

നടുവണ്ണൂർ, കോട്ടൂർ, പനങ്ങാട്, കൂരാച്ചുണ്ട്, ഉള്ളിയേരി, ചേമഞ്ചേരി, അരിക്കുളം, ചെങ്ങോട്ടുകാവ്, തുറയൂർ, കീഴരിയൂർ, മേപ്പയൂർ, തിക്കോടി, അത്തോളി, മൂടാടി, ചക്കിട്ടപാറ, കായണ്ണ, നൊച്ചാട് പഞ്ചായത്തുകളാണ് പദ്ധതിയിൽ വരുന്നത്. ഓരോ പഞ്ചായത്തിലും 120 കിലോ മീറ്റർ നീളത്തിൽ ജല വിതരണ കുഴൽ സ്ഥാപിക്കും. ഓരോ പഞ്ചായത്തിലും ഓരോന്ന് എന്ന കണക്കിൽ 17 ജലസംഭരണികളും ഉണ്ടാകും. നിലവിൽ കോട്ടൂർ, തുറയൂർ പഞ്ചായത്തുകളിൽ പ്രവൃത്തി നടക്കുന്നുണ്ട്.

Related Articles

Leave a Reply

Back to top button