India

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി കൊടുക്കണം-സുപ്രീം കോടതി

Please complete the required fields.




ന്യൂഡൽഹി: തെരുവുനായ നിയന്ത്രണത്തിൽ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുമായി സുപ്രീം കോടതി. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കുട്ടികൾക്കോ വയോധികർക്കോ പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്‌താൽ, ഉത്തരവാദിത്തപ്പെട്ട സംസ്ഥാന സർക്കാരുകൾ ഭീമമായ നഷ്ട‌പരിഹാരം നൽകേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.

നായ്ക്കൾക്ക് തെരുവിൽ ഭക്ഷണം നൽകുന്നവർക്കും ആക്രമണങ്ങളുടെ കാര്യത്തിൽ ഉത്തരവാദിത്തമുണ്ടെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് വ്യക്തമാക്കി. നായ്ക്കൾക്ക് ഭക്ഷണം നൽകണമെന്ന് ആഗ്രഹമുള്ളവർ അവയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി അത് ചെയ്യണം എന്നും കോടതി നിർദ്ദേശിച്ചു.

പൊതുസ്ഥലങ്ങളിൽ നായ്ക്കൾ അലഞ്ഞുതിരിയുന്നതും ആളുകളെ കടിക്കുന്നതും ഭയപ്പെടുത്തുന്നതും അനുവദിക്കാനാവില്ല. ഒമ്പത് വയസ്സുള്ള ഒരു കുട്ടിയെ നായ ആക്രമിച്ചാൽ അതിന് ആരാണ് മറുപടി പറയുകയെന്നും കോടതി ചോദിച്ചു.തെരുവുനായ്ക്കൾക്ക് തീറ്റ നൽകുന്ന സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു എന്ന തരത്തിലുള്ള പരാതികൾ കോടതി പരിശോധിക്കാൻ വിസമ്മതിച്ചു. ഇത് ക്രമസമാധാന പ്രശ്‌നമാണെന്നും താല്പര്യമുള്ളവർക്ക് എഫ്ഐആർ ഫയൽ ചെയ്യാമെന്നും കോടതി വ്യക്തമാക്കി. തെരുവുനായ പ്രശ്‌നത്തിൽ കോടതിക്ക് മുന്നിൽ സമർപ്പിക്കപ്പെട്ട പല വാദങ്ങളും യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് നിരീക്ഷിച്ച ബെഞ്ച്, കുട്ടികളെയും വയോധികരെയും നായ്ക്കൾ ക്രൂരമായി ആക്രമിക്കുന്ന നിരവധി വീഡിയോകകളാണ് തങ്ങൾക്ക് മുന്നിലുള്ളതെന്ന് വ്യക്തമാക്കി.

തെരുവുനായ്ക്കളെ കൈകാര്യം ചെയ്യുന്നതിൽ നഗരസഭകൾ ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങൾ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. തെരുവുനായ്ക്കളെ അപ്പാടെ തെരുവിൽ നിന്ന് മാറ്റാൻ തങ്ങൾ ഉത്തരവിട്ടിട്ടില്ലെന്നും എന്നാൽ അനിമൽ ബർത്ത് കൺട്രോൾ ചട്ടങ്ങൾ കൃത്യമായി പാലിക്കണമെന്നും കോടതി വ്യക്തമാക്കി.

Related Articles

Back to top button