
കുറ്റ്യാടി : വനസമ്പത്ത് നശിപ്പിക്കുന്ന കാട്ടുതീ തടയുന്നതിനും സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനുമായി കുറ്റ്യാടി ഫോറസ്റ്റ് റെയ്‌ഞ്ചിന്റെ നേതൃത്വത്തിൽ വിപുലമായ ബോധവത്കരണപ്രവർത്തനങ്ങൾക്ക് തുടക്കമായി. വിവിധ സ്കൂളുകളിൽനിന്ന് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികളുടെ സജീവപങ്കാളിത്തത്തോടെയാണ് പരിപാടികൾ. ചുരത്തിൽനിന്ന് ആരംഭിച്ച കാട്ടുതീ പ്രതിരോധ ബോധവത്കരണ മിനി മാരത്തൺ കാവിലുംപാറ പഞ്ചായത്ത് പ്രസിഡൻറ് മേഘ പൊയിലുപറമ്പത്ത് ഉദ്ഘാടനംചെയ്തു.
ചടങ്ങിൽ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ. സത്യൻ, പി.ടി. ഷെനിൽ തുടങ്ങിയവർ സംസാരിച്ചു. ജാനകിക്കാട് ഇക്കോടൂറിസം സെൻററിൽ കാട്ടുതീ പ്രതിരോധ ബോധവത്കരണക്ലാസും നടത്തി. കുറ്റ്യാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം.എൻ. ഷംനാസ് ഉദ്ഘാടനംചെയ്തു. ജാനകിക്കാട് വനസംരക്ഷണസമിതി പ്രസിഡൻറ് കെ. രാജേഷ് അധ്യക്ഷനായി. ബീറ്റ് ഫോറസ്റ്റ് ഒാഫീസർ സി. മുഹമ്മദ് റാഷിദ് സംസാരിച്ചു. കാട്ടുതീയുണ്ടാകാനുള്ള കാരണങ്ങൾ അതിന്റെ പരിസ്ഥിതി-സാമൂഹിക പ്രത്യാഘാതങ്ങൾ, കാട്ടുതീ തടയുന്നതിനുള്ള മുൻകരുതലുകൾ നടപടികൾ തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കി ബീറ്റ് ഫോറസ്റ്റ് ഓഫീസർ സി. ശ്രുതി, ഫോറസ്റ്റ് ഓഫീസർ പി.കെ. സുബിഷ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശരണ്യ എസ്. വിജയൻ തുടങ്ങിയവർ ക്ലാസെടുത്തു. സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ പി.ടി. ഷെനിൽ, ജയശ്രീ പി. ഷീന തുടങ്ങിയവർ സംസാരിച്ചു.





