
കട്ടിപ്പാറ : കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തിൽ 2025 ജനുവരി ഒന്നാംതീയതിയിലേക്ക് 18 വയസ്സ് തികയാത്ത ഒരാളെക്കൂടി വ്യാജരേഖ ചമച്ച് വോട്ടർപട്ടികയിൽ കൂട്ടിച്ചേർത്തതായി പരാതി. കട്ടിപ്പാറയിലെ മൂന്നാംവാർഡായ താഴ്‌വാരത്തിലാണ് 2007 മേയ് മാസത്തിൽ ജനിച്ച വിദ്യാർഥിനിയുടെ ജനനത്തീയതി തിരുത്തി രേഖാസമർപ്പണം നടത്തിയതെന്ന് കാണിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, കളക്ടർ, കട്ടിപ്പാറ പഞ്ചായത്ത് റിട്ടേണിങ് ഓഫീസർ എന്നിവർക്ക് എൽഡിഎഫ് കട്ടിപ്പാറ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി പരാതി നൽകി.
അനധികൃതമായി കൂട്ടിച്ചേർത്ത വോട്ടുകൾ നീക്കംചെയ്യണമെന്നും വ്യാജരേഖ ചമച്ചവർക്കും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കുമെതിരേ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. കട്ടിപ്പാറയിലെത്തന്നെ പൂലോട് വാർഡിൽ 18 വയസ്സ് തികയാത്ത ആറുപേരെ വ്യാജരേഖ ചമച്ച് വോട്ടർപട്ടികയിൽ കൂട്ടിച്ചേർത്തെന്ന് ആരോപിച്ച് എൽഡിഎഫ് നേരത്തേ പരാതിയുമായി രംഗത്തെത്തിയിരുന്നു.





