Kozhikode

വിമാനത്താവളത്തിലേക്ക് പോയ കാർ രാമനാട്ടുകര ആറുവരിപ്പാതയിൽ അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു

Please complete the required fields.




രാമനാട്ടുകര : ഉംറ തീർഥാടനം കഴിഞ്ഞ് തിരിച്ചെത്തിയ വീട്ടമ്മയെ സ്വീകരിക്കാനായി വിമാനത്താവളത്തിലേക്ക് പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാർ നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിലിടിച്ച് ഒരാൾ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. വടകര മേപ്പയിൽ ഈശ്വരൻകണ്ടിയിൽ ജമീല (65) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.30-ന് ആറുവരിപ്പാതയിൽ രാമനാട്ടുകര സോവാമന്ദിരം സ്കൂളിനുസമീപത്തായിരുന്നു അപകടം.

കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കാക്കൂർ പാവണ്ടൂർ കാവടിക്കൽ സ്വദേശി നസീമയെയും അയൽക്കാരായ ദമ്പതിമാരെയും സ്വീകരിക്കാനായി രണ്ടുവണ്ടികളിലായി പുറപ്പെട്ടതായിരുന്നു സംഘം. നസീമയുടെ സഹോദരിയായ ജമീല സഞ്ചരിച്ച കാർ, അതേദിശയിൽ റോഡരികിൽ നിർത്തിയിട്ട ബസിനുപിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. മീഞ്ചന്തയിൽനിന്ന് അഗ്നിരക്ഷാസേനാംഗങ്ങളെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

നസീമയുടെ മക്കളായ നജ ഫാത്തിമ (21), നൈത ഫാത്തിമ (14), ഭർത്തൃമാതാവ് സൈനബ (70), ഭർത്തൃസഹോദരിയുടെ മക്കളായ ആമിറ ബത്തൂൽ (5), ലാമിയ ഷെറിൻ(18), മുഹമ്മദ് റവാഹ് (8), വാഹനം ഓടിച്ചിരുന്ന സിനാൻ (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചുങ്കം ക്രസന്റ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി, ഐഎംസിഎച്ച് എന്നിവിടങ്ങളിലുമായി പ്രവേശിപ്പിച്ചു.

ജമീലയുടെ ഭർത്താവ്: അബ്ബാസ് ചെങ്ങോട്ട്കാവ്. മക്കൾ: ഷബീർ (ഖത്തർ), ഷാനിദ് (എൻജിനിയർ), ഷഫീഖ് (ദുബായ്) മാതാവ്: മറിയം. മരുമക്കൾ: ജാസിറ ഷബീർ, സുലൈഖ ഷാനിദ്.

Related Articles

Back to top button