വാവർ മുസ്ലീം തീവ്രവാദിയെന്ന വിദ്വേഷ പ്രസംഗം; ശ്രീരാമ ദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദയ്ക്കെതിരെ കേസ്

പത്തനംതിട്ട: വാവരെ മോശമായി ചിത്രീകരിച്ചെന്ന പരാതിയിൽ ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷിക്കെതിരെ പന്തളം പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് ഹൈന്ദവ സംഘടനകൾ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിലായിരുന്നു വാവർ തീവ്രവാദിയാണെന്നും മുസ്ലിം ആക്രമണകാരിയാണെന്നും ശാന്താനന്ദ മഹർഷി പറഞ്ഞത്. ശാന്താനന്ദയുടെ പ്രസംഗം ചൂണ്ടിക്കാട്ടി കോൺഗ്രസ് മാധ്യമ വക്താവ് അനൂപ് വി ആർ, പന്തളം കൊട്ടാരം കുടുംബാംഗം പ്രദീപ് വർമ്മ എന്നിവരാണ് പരാതി നൽകിയത്.
വാവര് സ്വാമിയെ ശാന്താനന്ദ മഹർഷി മോശമായി ചിത്രീകരിച്ചെന്നാണ് പ്രദീപ് വർമ്മ നൽകിയ പരാതി. പന്തളം അയ്യപ്പക്ഷേത്രവും കൊട്ടാരവും അയ്യപ്പനും വാവരും തമ്മിലുള്ള ബന്ധം അംഗീകരിച്ചാണ് തീർത്ഥാടനത്തിന് നേതൃത്വം നൽകുന്നത്. മതവിദ്വേഷ പ്രസംഗത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറഞ്ഞിരുന്നു.
പ്രസംഗം പന്തളത്തെ ഹിന്ദു-മുസ്ലിം മതസൗഹാർദം തകർക്കുമെന്നും സിപിഐഎം പന്തളം ഏരിയ കമ്മിറ്റി അംഗം കൂടിയായ പ്രദീപ് വർമ്മ പരാതിയിൽ ഉന്നയിച്ചിരുന്നു. പ്രസംഗം വിശ്വാസം വ്രണപ്പെടുത്തിയെന്നും മതവിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ ഉണ്ടാക്കിയന്നെും കാണിച്ചാണ് കോൺഗ്രസ് നേതാവിന്റെ പരാതി.
അതേസമയം പന്തളം രാജകുടുംബാംഗമായ എആർ പ്രദീപ് വർമ്മയും പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. പ്രസംഗം പരിശോധിച്ചശേഷം തുടര് നടപടി സ്വീകരിക്കുമെന്ന് പന്തളം പൊലീസ് വ്യക്തമാക്കിയിരുന്നു. അതേസമയം, സിപിഎം ഏരിയ കമ്മിറ്റി അംഗമായ പന്തളം രാജകുടുംബാംഗമായ പ്രദീപ് വർമ്മ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പരാതി നൽകിയതെന്നാണ് ബിജെപിയുടെ ആരോപണം.





