Kozhikode

നാദാപുരം വിലങ്ങാടിനടുത്ത് വീണ്ടും ഉരുൾപൊട്ടിയതായി സംശയം; പുഴയിൽ കുത്തിയൊലിച്ച് മലവെള്ളം

Please complete the required fields.




കോഴിക്കോട് : നാദാപുരം വിലങ്ങാടിനടുത്ത് വീണ്ടും ഉരുൾപൊട്ടിയതായി സംശയം. വിലങ്ങാട് കമ്മായിയിലാണ് ഉരുൾപൊട്ടിയത്. നരിപ്പറ്റ പഞ്ചായത്തിലെ കമ്മായി മലയിലാണ് ഉരുൾപൊട്ടിയതായി സംശയം. പുഴയിൽ കുത്തിയൊലിച്ച് മലവെള്ളാപ്പാച്ചിൽ.
പുഴകളിലും തോടുകളിലും ചളി കലങ്ങിയ വെള്ളം കുത്തിയൊലിക്കുകയാണ്. പുഴമൂല പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽ പെട്ടു. പിന്നാലെ നാട്ടുകാർ ഫയർഫോഴ്‌സിൽ വിവരമറിക്കുകയായിരുന്നു. പിന്നാലെ സേനസംഘം സ്ഥലത്തെത്തി കയർ കെട്ടിയുവാവിനെ രക്ഷപെടുത്തി.

അതേസമയം, ശക്തമായ മഴയെ തുടര്‍ന്ന് ഇരുവഴിഞ്ഞി പുഴയിൽ മലവെള്ള പാച്ചില്‍. കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയിൽ ശക്തമായ മഴ മഴയെന്നാണ് റിപ്പോര്‍ട്ടുകൾ. മഴ ശക്തമാകുന്നതിനാല്‍ പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട മലപ്പുറം മഞ്ചേരി സ്വദേശി അലൻ അഷ്ഫറിനായുള്ള തിരച്ചിൽ തടസപ്പെട്ടിരിക്കുകയാണ്.

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്ന് നിർദേശമുണ്ട്. കേരള തീരത്ത് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തെക്കൻ കേരളാ തീരത്ത് കടലാക്രമണത്തിനും സാധ്യത.

204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് കാണുന്നതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗര പ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.

Related Articles

Back to top button