
കണ്ണൂർ: ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതി ടി.കെ. രജീഷിന് പരോൾ. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രവേശിക്കരുതെന്ന നിബന്ധനയിൽ 15 ദിവസത്തേക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. പരോൾ ലഭിക്കുന്നതിന് രണ്ടുദിവസം മുമ്പേ രജീഷ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. അടുത്ത ബന്ധുക്കളുടെ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടിയാണ് രജീഷ് പരോളിന് അപേക്ഷ നൽകിയത്.
ടി.പി. വധക്കേസിലെ മറ്റ് പ്രതികളായ കൊടി സുനിയും മറ്റും പൊലീസ് ഒത്താശയിൽ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വിവാദമായിരുന്നു. ഇവരെ മറ്റൊരു കേസിൽ തലശ്ശേരി അഡീഷനൽ സെഷൻസ് കോടതിയിലെത്തിച്ചശേഷം കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. തലശ്ശേരിയിലെ ബാറിന് മുന്നിലാണ് മൂന്ന് പ്രതികൾ പൊലീസ് സാന്നിധ്യം പോലുമില്ലാതെ മദ്യപിച്ചത്.മാഹി ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ടാണ് ടി.പി കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരെ ജൂലൈ 17ന് തലശ്ശേരിയിൽ എത്തിച്ചത്. കോടതിയിൽനിന്ന് മടങ്ങുമ്പോഴാണ് ഉച്ചഭക്ഷണത്തിന് എന്ന വ്യാജേന തലശ്ശേരി ടൗണിലെ ബാറിന് സമീപത്ത് പൊലീസ് ജീപ്പ് നിർത്തിയത്.
അതിനടുത്ത് നിർത്തിയിട്ട കാറിൽനിന്നാണ് മദ്യവും ഭക്ഷണവും കഴിക്കുന്നത്.ടി.പി കേസിലെ പ്രതികൾക്ക് ജയിലിൽ വഴിവിട്ട സഹായം ലഭിക്കുന്നുവെന്ന ആരോപണങ്ങൾ ശക്തമാകുന്നതിനിടെയാണ് മറ്റൊരു പ്രതിക്ക് പരോൾ ലഭിച്ചിരിക്കുന്നത്.





