റോഡ് മുറിച്ചുകടന്ന് കാട്ടുപന്നികൾ; നിയന്ത്രണംവിട്ട സ്കൂട്ടർ യാത്രക്കാരൻ റോഡിൽ തെറിച്ചുവീണു

താമരശ്ശേരി : താമരശ്ശേരിയിൽ കാട്ടുപന്നികൾ അപ്രതീക്ഷിതമായി റോഡ് മുറിച്ചുകടന്നതിനെത്തുടർന്നുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികൻ വാഹനത്തിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണു. താമരശ്ശേരിയിലെ ഈർപ്പോണയിൽ ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. തച്ചംപൊയിൽ-ഈർപ്പോണ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിനു മുന്നിലൂടെ കാട്ടുപന്നികൾ ശരവേഗത്തിൽ റോഡ് മുറിച്ചുകടക്കുകയായിരുന്നു. റോഡിന് എതിർവശത്തെ ഇടറോഡിൽനിന്ന് പ്രധാന നിരത്തിലേക്കെത്തിയ അവ പൊടുന്നനെ റോഡ് മുറിച്ചുകടക്കുകയായിരുന്നു. അപ്രതീക്ഷിതമായി റോഡിനു നടുവിലേക്കു ചാടിയ കാട്ടുപന്നികളെ ഇടിക്കാതിക്കാൻ വെട്ടിച്ച സ്കൂട്ടർ നിയന്ത്രണംവിട്ട് പുറകിലിരുന്ന യുവാവ് തലകീഴായി റോഡിനു നടുവിലേക്ക് തെറിച്ചുവീണു. ഹെൽമറ്റ് ഇട്ടതിനാലും അപകടസമയത്ത് മറ്റു വാഹനങ്ങൾ കടന്നുപോവാതിരുന്നതിനാലുമാണ് ഇയാൾ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടത്.
റോഡ് മുറിച്ചുകടന്ന് എതിർവശത്തേക്കു പോയ കാട്ടുപന്നികൾ ഗേറ്റ് തുറന്നുകിടന്നിരുന്ന ഈർപ്പോണ താന്നിക്കൽ സുലൈമാന്റെ വീട്ടുമുറ്റത്തേക്ക് ഓടിക്കയറി. റോഡിലേക്ക് മടങ്ങിപ്പോവാൻ ഗേറ്റ് ലക്ഷ്യമാക്കി തിരിച്ചുവന്നെങ്കിലും സംഭവസമയത്ത് റോഡിൽ നിർത്തിയ ഗുഡ്‌സ് ഓട്ടോയിലുണ്ടായിരുന്നവർ ഒച്ചവെച്ചതോടെ അവ മടങ്ങി മറുവശത്തെ കാടുനിറഞ്ഞ ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നു. കാട്ടുപന്നികൾ റോഡ് മുറിച്ചുകടക്കുന്നതിന്റെയും സ്കൂട്ടർ യാത്രികൻ അപകടത്തിൽപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ വീട്ടിലെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞു. ഇത് പിന്നീട് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.





