
തിരുവനന്തപുരം: സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സർക്കാർ മെഡിക്കൽ കോളേജുകളിലെ പി ജി ഡോക്ടർമാർ. നാളെ മുതൽ അത്യാഹിത വിഭാഗം ഉൾപ്പെടെ ബഹിഷ്കരിക്കും. സർക്കാർ നൽകിയ ഉറപ്പുകൾ നടപ്പാകുന്നില്ലെന്നും പി ജി ഡോക്ടർമാർ കുറ്റപ്പെടുത്തുന്നു. ഇപ്പോഴും ചർച്ചയ്ക്ക് തയ്യാറാണെന്ന് പി ജി ഡോക്ടർമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നാല് മാസം മുമ്പ് ടോക്കൺ സമരം നടത്തിയപ്പോൾ ആരോഗ്യമന്ത്രി വീണാ ജോർജ് നൽകിയ പല വാഗ്ദാനങ്ങളും ഇനിയും നടപ്പാക്കിയിട്ടില്ല. ഇന്നലെ നടത്തിയ അനുനയ ചർച്ചയിലടക്കം ജൂനിയർ ഡോക്ടർമാരുടെ കുറവ് നികത്തുന്നത് ഉൾപ്പടെ മറ്റ് ആവശ്യങ്ങൾ എല്ലാം പരിഗണിക്കാമെന്ന് വാക്കാൽ ഉറപ്പ് മാത്രമാണ് ആരോഗ്യമന്ത്രിയിൽ നിന്ന് ലഭിച്ചത്. വാക്കാൽ ലഭിച്ച ഉറപ്പിൻമേൽ മാത്രം സമരം പിൻവലിക്കേണ്ടെന്നാണ് ഒരു വിഭാഗം പിജി ഡോക്ടർമാർ പറയുന്നത്. രേഖാമൂലം ഉറപ്പ് നൽകാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്നും അവർ വ്യക്തമാക്കുന്നു.
പിജി ഡോക്ടർമാരുടെ കുറവ് നികത്താൻ നോൺ – അക്കാദമിക് ജൂനിയർ റെസിഡന്‍റ് ഡോക്ടർമാരെ 2 ദിവസത്തിനുള്ളിൽ നിയമിക്കുമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കിയത്. എന്നാൽ ഇങ്ങനെ നേരത്തേയും വാക്കാൽ ഉറപ്പ് നൽകിയ കാര്യങ്ങൾ ഇനിയും പാലിക്കപ്പെട്ടിട്ടില്ലെന്ന് സംഘടനയിലെ ഒരു വിഭാഗം പറയുന്നു.
നീറ്റ് പിജി പ്രവേശനം സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് അനിശ്ചിതമായി നീളുകയാണ്. ഇതോടെ, ഡോക്ടർമാരുടെ കുറവും അമിതജോലിഭാരവും പിജി ഡോക്ടർമാരെ കാര്യമായി ബാധിക്കുന്നുണ്ട്. ഇതിനെതിരെ ഒപി അടക്കം ബഹിഷ്കരിച്ച് പിജി ഡോക്ടർമാർ സമരത്തിലേക്ക് നീങ്ങിയതോടെയാണ്, താൽക്കാലിക പ്രശ്ന പരിഹാരത്തിന് സർക്കാർ മുൻകൈയെടുക്കുന്നത്.





