Kozhikode
കുറ്റ്യാടിയിൽ വടകര സ്വദേശിയായ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച സംഭവം; യുവമോർച്ച ജില്ല സെക്രട്ടറിയടക്കം മൂന്നുപേർ അറസ്റ്റിൽ

കോഴിക്കോട് : കുറ്റ്യാടി ടൗണിൽ മണിയൂർ സ്വദേശിയായ പ്രവാസി യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ മൂന്ന് ബി.ജെ.പിക്കാർകൂടി അറസ്റ്റിൽ.
കഴിഞ്ഞ 14ന് മണിയൂർ സ്വദേശി മുഹമ്മദിനെ മാരകായുധങ്ങളുമായി ആക്രമിക്കുകയും കാർ തകർക്കുകയും ചെയ്ത കേസിൽ യുവമോർച്ച ജില്ല സെക്രട്ടറി ദിപിൻ ബാലകൃഷ്ണൻ പേരാമ്പ്ര, ഷൈജു ഉത്രോത്ത് മീത്തൽ പേരാമ്പ്ര, ഘോഷിത്ത് വെള്ളിയൂർ എന്നിവരെയാണ് കുറ്റ്യാടി സി.ഐ കൈലാസ് നാഥ് അറസ്റ്റ് ചെയ്തത്.
മൂവരെയും നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഈ കേസിൽ നേരത്തേ അറസ്റ്റിലായ നടുവണ്ണൂർ സ്വദേശി രൂപേഷും റിമാൻഡിലാണുള്ളത്.





