വടക്കഞ്ചേരി : വടക്കഞ്ചേരി സിപിഐഎം ഏരിയാ കമ്മിറ്റി കെട്ടിടത്തിൽ കെ രാധാകൃഷ്ണൻ എംപി യുടെ ഓഫീസ് തുടങ്ങിയതിനെതിരെ പ്രതിഷേധം.സിപിഐയിലെ യുവജനസംഘടനയായ എ ഐ വൈ എഫ് ആലത്തൂർമണ്ഡലം കമ്മിറ്റിയാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.ഇതിനെ സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകളും ഇട്ടിട്ടുണ്ട്.ഈ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷമുന്നണിക്ക് കനത്ത തോൽവിയാണ് നേരിടേണ്ടി വന്നത്. അത്തരം ഒരു സന്ദർഭത്തിലും ആകെ തുണച്ചത് ആലത്തൂർ മണ്ഡലം മാത്രമായിരുന്നു എന്നാണ് കമ്മിറ്റിയുടെ വാദം.
എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ച കെ രാധാകൃഷ്ണൻ എൽഡിഎഫിന്റെ മാത്രം എംപി അല്ല. ജനങ്ങളുടെ ആകെയുളള ഒരു എംപിയാണ്.
അദ്ധേഹത്തിനായി പൊതുജന സ്വീകാര്യമായ ഒരു ഓഫീസ് തിരഞ്ഞെടുക്കണമായിരുന്നുവെന്ന് സെക്രട്ടറി ജിതിൻ മുടയാനിക്കലും പ്രസിഡന്റ് റഫീഖ് പുതുക്കോടും പ്രസ്താവനയിലൂടെ അറിയിച്ചു.സിപിഐഎം വടക്കഞ്ചേരി ഏരിയ കമ്മറ്റി ഓഫീസിലാണ് എംപി ഓഫീസ് തുറന്നിരിക്കുന്നത്.സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് എം ജില്ലാ അദ്ധ്യക്ഷന്‍ കെ കുശലകുമാര്‍ അദ്ധ്യക്ഷനായി. കെ രാധാകൃഷ്ണന്‍ എംപി, എംഎല്‍എമാരായ എ സി മൊയ്തീന്‍, കെ ഡി പ്രസേനന്‍, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം ടി എം ശശി, എന്‍സിപി ജില്ലാ സെക്രട്ടറി എസ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു.