ചെന്നൈ : മെഡിക്കല്‍ വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു. തൂത്തുക്കുടി സ്വദേശിനി ഷേര്‍ളിയാണ് (23) ആണ് മരിച്ചത് .ഞായറാഴ്ച രാത്രി 8.30-ഓടെ സഹവിദ്യാര്‍ഥികളും കോളേജ് അധികൃതരും നോക്കിനില്‍ക്കെയാണ് സംഭവം. കാഞ്ചീപുരം മീനാക്ഷി മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന്റെ അഞ്ചാംനിലയില്‍നിന്ന് ചാടിയത്.
ഉടന്‍തന്നെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍നിന്ന് കരയുന്ന ഷേര്‍ളിയെ അടുത്ത കെട്ടിടത്തിലുള്ളവരാണ് ആദ്യംകണ്ടത്.
ഉടന്‍തന്നെ കോളേജ് അധികൃതരെ അറിയിച്ചു. ഇവരും സഹവിദ്യാര്‍ഥികളും അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. രക്ഷിക്കാനായി താഴെ വലവിരിക്കുന്ന നടപടി പൂര്‍ത്തിയാകും മുന്‍പ് ഷേര്‍ളി ചാടുകയായിരുന്നു.
തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. എം.ബി.ബി.എസ്. കോഴ്സിന്റെ ഭാഗമായ പ്രായോഗിക പരിശീലനം (ഹൗസ് സര്‍ജന്‍സി) ചെയ്യുകയായിരുന്നു ഷേര്‍ളി.സഹപാഠിയായ വിദ്യാര്‍ഥിയുമായി കോഴ്സ് തുടങ്ങിയ വര്‍ഷം മുതല്‍ പ്രണയത്തിലായിരുന്നു. മൂന്നാംവര്‍ഷം പഠിക്കുമ്പോള്‍ ഇരുവരും തമ്മില്‍ പിണങ്ങി.ഇതേത്തുടര്‍ന്ന് വിഷാദരോഗം ബാധിക്കുകയും ചികിത്സതേടുകയും ചെയ്തിരുന്നു. സഹപാഠിയുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഷേര്‍ളിയുടെ വീട്ടുകാര്‍ ഇടപ്പെട്ടുവെങ്കിലും വീണ്ടും ബന്ധം വഷളായി.
തുടര്‍ന്ന് കുറച്ചുനാളുകളായി ഷേര്‍ളി കടുത്ത വിഷാദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.