കോട്ടയത്ത് പൊലീസ് അസോസിയേഷന്‍ സമ്മേളന വേദിയില്‍ പരസ്പരം സംസാരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും എഡിജിപി എം ആർ അജിത്കുമാറും. ഏറെനേരമാണ് ഒരേ വേദിയിൽ ചിലവഴിച്ചതെങ്കിലും തമ്മിൽ നോക്കാനോ സംസാരിക്കാനോ ഇരുവരും തയ്യാറായില്ല. ആഭ്യന്തര വകുപ്പിനെതിരെ പി വി അൻവർ ഉയർത്തിയ ആരോപണങ്ങളിൽ പൊതു വേദിയിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എല്ലാ കാര്യവും ശരിയായ നിലയിൽ സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എഡിജിപിയെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം . എന്നാൽ നിജസ്ഥിതി സർക്കാർ അന്വേഷിക്കട്ടെയെന്നും മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്നും എം ആർ അജിത്കുമാർ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമായി പറഞ്ഞു. മറ്റ് ആരോപണങ്ങളിൽ പ്രതികരണം ഒന്നും നടത്താതെ ഒറ്റവാക്കിലായിരുന്നു അജിത്കുമാർ തന്റെ മറുപടി ഒതുക്കിയത്.
അൻവറിന്റെ ആരോപണം വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ നടപടിയിലേക്ക് കടക്കുകയായിരുന്നു സർക്കാർ. നാട്ടകം ഗസ്റ്റ് ഹൗസിലേക്ക് ഡിജിപിയെ രാവിലെതന്നെ മുഖ്യമന്ത്രി വിളിച്ചുവരുത്തി വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പതിവിൽ നിന്ന് വ്യത്യസ്തമായി പൊതുവേദിയിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ അന്വേഷണ പ്രഖ്യാപനം എന്നതും എടുത്തുപറയേണ്ടത് തന്നെ. അതും എഡിജിപി അജിത് കുമാറിനെ വേദിയിലിരുത്തികൊണ്ട്.അതേസമയം, പൊലീസിലെ ഉന്നതർക്കെതിരെയും പി ശശിക്കെതിരെയും അൻവർ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെയുണ്ടായ വൻ വിവാദത്തിന് ഒടുവിലാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയുളള എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയിരിക്കുന്നത്. അധോലോക ബന്ധമുള്ള ക്രിമിനലുകളാണ് സേനാ തലപ്പത്തെന്ന അൻവറിന്റെ ആരോപണം ശരിവെച്ചാണ് അന്വേഷണം പ്രഖ്യാപിച്ചതും സ്ഥാനത്ത് നിന്നും നീക്കാനുളള നടപടികളിലേക്കും മുഖ്യമന്ത്രിയെത്തിയത്.
എത്ര ഉന്നതൻ ആണെങ്കിലും നടപടി എടുക്കും എന്ന് പറഞ്ഞ മുഖ്യമന്ത്രി അച്ചടക്കത്തിന് നിരക്കാത്ത നടപടികൾ വച്ചുപുറക്കില്ലെന്നും വേദിയിൽ വ്യക്തമാക്കി. എന്നാൽ മുഖ്യമന്ത്രി വേദി വിട്ട ശേഷമായിരുന്നു ആരോപണ വിധേയനായ എഡിജിപി അജിത് കുമാർ സംസാരിച്ചത് അതും വിടവാങ്ങൽ പ്രസംഗം പോലെയായിരുന്നു ഓരോ വാക്കുകളും. പി വി അൻവർ ആരോപണങ്ങളിൽ പ്രതികരിക്കാൻ തയ്യാറാകാതിരുന്ന അജിത് കുമാർ സർക്കാർ എല്ലാം അന്വേഷിക്കട്ടെ എന്നും പറഞ്ഞു.