താലികെട്ടിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ യുവാവിന്റെ ആത്മഹത്യ, അന്ത്യചുംബനം നൽകി പ്രിയപ്പെട്ടവർ
മലപ്പുറം : വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി അവശേഷിക്കേ വരൻ ജീവനൊടുക്കിയത് ഒരു നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെയാണ് കരിപ്പൂർ കുമ്മിണിപ്പറമ്പിലെ കോട്ടത്തൊടി കൃഷ്ണന്റെ മകൻ ജിബിന്റെ (32) നെ മരിച്ച നിലയിൽ കണ്ടെത്തിയത്. താലികെട്ടിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ വരൻ ജീവനൊടുക്കിയത് പലർക്കും വിശ്വസിക്കാനായില്ല.
മഞ്ചേരി സ്വദേശിനിയുമായുള്ള വിവാഹം ഒരുവർഷം മുൻപേ ഉറപ്പിച്ചതായിരുന്നു. ഷാർജയിൽ ഡെന്റൽ ടെക്‌നീഷ്യനായ ജിബിൻ ഒരാഴ്ചമുൻപാണ് ഒരു മാസത്തെ അവധിയെടുത്ത് നാട്ടിലെത്തിയത്. രണ്ടുദിവസം മുൻപ് വധുവിനൊപ്പം ഫോട്ടോഷൂട്ട് നടത്തുകയും വിവാഹത്തലേന്ന് വീട്ടിലൊരുക്കിയ വിരുന്നിൽ നിറഞ്ഞുനിൽക്കുകയും ചെയ്ത ജിബിൻ ഇത്തരമൊരു കടുംകൈ ചെയ്യുമെന്ന് ആരും സ്വപ്നത്തിൽപ്പോലും കരുതിയില്ല.
ബുധനാഴ്ച പുലർച്ചെ ആറുമണിയോടെ ഒരുക്കാനായി ബ്യൂട്ടീഷ്യൻ വീട്ടിലെത്തിയപ്പോൾ കുളിക്കാനായി ശൗചാലയത്തിൽ കയറിയതാണ് യുവാവ്. ഒരു മണിക്കൂറോളം കഴിഞ്ഞിട്ടും പുറത്തിറങ്ങാതെയും വിളിച്ച് നോക്കിയിട്ട് മറുപടിയില്ലാതെയും വന്നതോടെ വാതിലിന്റെ കുറ്റിപൊളിച്ച് അകത്തുകടന്നപ്പോൾ യുവാവ് ഇടതുകൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു.
കഴുത്തിൽ കുരുക്കിടുകയും ചെയ്തിരുന്നു. മഞ്ചേരിയിലെ തിരുമണിക്കര ക്ഷേത്രത്തിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എട്ടരയ്ക്ക് വീട്ടിൽ നിന്നിറങ്ങാനായിരുന്നു തീരുമാനിച്ചത്. ഇതുപ്രകാരം ബന്ധുക്കളും കുടുംബാംഗങ്ങളുമെല്ലാം എത്തിത്തുടങ്ങിയിരുന്നു. താലികെട്ടിനുശേഷം ഉച്ചയ്ക്ക് വീടിനടത്തുള്ള ഓഡിറ്റോറിയത്തിലായിരുന്നു വിരുന്ന് നിശ്ചയിച്ചിരുന്നത്. അവസാന മിനുക്കുപണികൾ തീർത്ത് വിവാഹത്തിന് പുറപ്പെടാനൊരുങ്ങിയെത്തിയ കൂട്ടുകാരും വീട്ടുകാരും ജിബിനെയെടുത്ത് ആശുപത്രിയിലേക്ക് കുതിച്ചെങ്കിലും ജീവൻ അവശേഷിച്ചിരുന്നില്ല.
വരന്റെ മരണം സ്ഥിരീകരിച്ചതോടെ വിവാഹ സദ്യവട്ടങ്ങൾ സുഹൃത്തുക്കൾ അടുത്തുള്ള അനാഥാലയങ്ങളിലേക്ക് എത്തിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചു.രാവിലെ കതിർമണ്ഡപത്തിലേക്ക് സന്തോഷത്തോടെ ആശീർവദിച്ച് യാത്രയാക്കാനെത്തിയവർ അന്ത്യചുംബനംനൽകി ബാഷ്പാഞ്ജലിയോടെ ജിബിന് വിട നൽകിയപ്പോൾ നാടാകെ വിതുമ്പി.