Kollam

റിപ്പോർട്ട് പുറത്തുവന്നത് നല്ലത്, ആരും പറഞ്ഞിട്ടില്ല, പറഞ്ഞാൽ നടപടിയെടുക്കും – ഗണേഷ്‌കുമാർ

Please complete the required fields.




കൊല്ലം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് നല്ലതെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഇക്കാര്യത്തിൽ ട്രാൻസ്പോർട്ട് മന്ത്രിക്ക് കാര്യമില്ല, സാംസ്കാരിക മന്ത്രി നടപടിയെടുക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. റിപ്പോർട്ടിലുള്ളത് എല്ലാം ശരിയാണെന്ന് അഭിപ്രായമില്ലെന്നും ഗണേഷ് കുമാർ പ്രതികരിച്ചു. ‘ആളുകളുടെ വ്യക്തിപരമായ കാര്യമാണ് റിപ്പോർട്ടിലുള്ളത്. ഒരുപാട് അസൗകര്യങ്ങളുള്ളത് ശരിയാണ്. വിശ്രമിക്കാൻ സൗകര്യമില്ല, ശുചിമുറിയില്ല. സീനിയറായ നടിമാരുടെ കാരവാൻ ഉപയോഗിക്കാൻ അനുമദിക്കുന്നില്ല. എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. പറഞ്ഞാൽ അന്നേരം പ്രതികരിക്കും. നമ്മൾ എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങൾ ഊഹിക്കുന്നത്. ആളുകളെ ആക്ഷേപിക്കുന്നതിന് തയ്യാറല്ല. എല്ലാ സെറ്റുകളിലും കൃത്യമായ സൗകര്യങ്ങൾ ചെയ്‌തിട്ടുണ്ട്’, ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്നലെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. മലയാള സിനിമാ മേഖലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. വനിതാ പ്രവർത്തകർ നേരിട്ട കടുത്ത ക്രൂരതകൾ വിശദീകരിക്കുന്ന റിപ്പോർട്ടിൽ സിനിമയിലെ പ്രമുഖരായ താരങ്ങൾക്കെതിരെയും സംവിധായകർക്കെതിരെയും നിർമ്മാതാക്കൾക്കെതിരെയും പരാമർശങ്ങളുണ്ട്. ജുഡീഷ്യൽ അധികാരങ്ങളുള്ള ട്രിബ്യൂണൽ വേണമെന്ന് റിപ്പോർട്ടിൽ ഹേമ കമ്മിറ്റി ആവശ്യപ്പെടുന്നുണ്ട്. വിരമിച്ച വനിതാ ജഡ്‌ജിമാരെ ട്രിബ്യൂണൽ അധ്യക്ഷരാക്കണമെന്നും നിർദേശമുണ്ട്. മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് 2019 ഡിസംബർ 31നായിരുന്നു സർക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നൽകിയ റിപ്പോർട്ടിൽ 300 പേജുകളാണുള്ളത്.

ഡബ്ല്യുസിസി ഉൾപ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായിരുന്നില്ല. ഒടുവിൽ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചത്. ഓഗസ്റ്റ് 19ന് പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമാ ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള പല കാര്യങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. സിനിമാ മേഖലയിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണെന്നാണ് റിപ്പോർട്ട് പറഞ്ഞുവെക്കുന്നത്. 2017 ജൂലൈയിലാണ് സിനിമയിലെ സ്ത്രീ വിവേചനങ്ങൾ സംബന്ധിച്ച് പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്.

ജസ്റ്റിസ് കെ ഹേമ (റിട്ടയേർഡ്) അധ്യക്ഷയായി മുൻ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിർന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സർക്കാർ രൂപീകരിച്ചത്. ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിൻ്റെ ആഭ്യന്തര പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഇത്തരത്തിലുള്ള ഒരു കമ്മീഷൻ രൂപീകരിക്കുന്നത് ഇന്ത്യയിൽ ആദ്യമായായിരുന്നു.

Related Articles

Back to top button