Kottayam

ജസ്ന എവിടെ? വെളിപ്പെടുത്തൽ നടത്തിയ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി സിബിഐ സംഘം ഇന്ന് രേഖപ്പെടുത്തും

Please complete the required fields.




കോട്ടയം: ജസ്‌ന തിരോധാനക്കേസിൽ വെളിപ്പെടുത്തൽ നടത്തിയ മുണ്ടക്കയത്തെ ലോഡ്ജ് മുൻ ജീവനക്കാരിയുടെ മൊഴി സിബിഐ സംഘം ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരത്ത് നിന്നുള്ള സിബിഐ സംഘമാണ് മൊഴി എടുക്കുക. ജസ്നയെ ലോഡ്ജിൽ വെച്ച് കണ്ടതായി ഇവർ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് സിബിഐ നടപടി. അതേസമയം മുൻ ജീവക്കാരിയുടെ വെളിപ്പെടുത്തൽ ലോഡ്ജ് ഉടമ തള്ളിയിരുന്നു. അവാസ്തമെന്നായിരുന്നു ജസ്നയുടെ പിതാവിൻ്റെ പ്രതികരണം. ഇവരുടെ മൊഴിയിൽ കഴമ്പില്ലെന്ന് കണ്ട് നേരത്തെ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് തുടർ നടപടികൾ സ്വീകരിച്ചിരുന്നില്ല. 2018 മാർച്ച് 22നാണ് പത്തനംതിട്ട മുക്കൂട്ടുതറയിൽ നിന്ന് ജെസ്നയെ കാണാതായത്.

ജസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടി കോട്ടയം മുണ്ടക്കയത്തെ ലോഡ്ജില്‍ എത്തിയതായി നേരത്തെ ലോഡ്ജ് ജീവനക്കാരി വെളിപ്പെടുത്തിയിരുന്നു. കാണാതാവുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി യുവാവിനൊപ്പം ലോഡ്ജില്‍ എത്തിയെന്നായിരുന്നു ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. ‘ഉച്ചയ്ക്ക് 12നും ഒന്നിനും ഇടയ്ക്കാണ് അവിടെ കാണുന്നത്. മൂന്നോ നാലോ മണിക്കൂര്‍ അവിടെയുണ്ടായിരുന്നു. അഞ്ച് മണിക്ക് തിരിച്ചിറങ്ങിപോയി. റൂം എടുത്ത് താമസിക്കുന്നവരുടെ പേരും മേല്‍വിലാസവും മാത്രമെ എഴുതാറുള്ളൂ. എന്നോട് ചിരിച്ചിരുന്നു. അപ്പോഴാണ് പല്ലിലെ കമ്പി ശ്രദ്ധിച്ചത്. ഒരു പയ്യന്‍ കൂടെയുണ്ടായിരുന്നു. വെളുത്തു മെലിഞ്ഞ പയ്യനാണ്. കൊച്ചുപെണ്‍കുട്ടി ആയതിനാലാണ് ശ്രദ്ധിച്ചത്. പിങ്ക് ഡ്രസാണ് ഇട്ടിരുന്നത്’ എന്നായിരുന്നു മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ.

ജസ്‌ന തിരോധാനക്കേസില്‍ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ ലോഡ്ജ് ഉടമ നിഷേധിച്ചിരുന്നു. ജസ്‌നയോ ജസ്നയുമായി സാദൃശ്യമുള്ള ആരെങ്കിലുമോ ലോഡ്ജില്‍ വന്നിട്ടില്ലെന്നായിരുന്നു ലോഡ്ജുടമ പ്രതികരണം. തന്നോടുള്ള വ്യക്തിവൈരാഗ്യം കൊണ്ടാണ് ജീവനക്കാരി ആരോപണങ്ങളുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതെന്നും ക്രൈംബ്രാഞ്ചിന് മുന്നില്‍ താന്‍ ഇതേകാര്യം പറഞ്ഞിരുന്നെന്നും ലോഡ്ജ് ഉടമ പ്രതികരിച്ചിരുന്നു. ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തലിനെതിരെ ജസ്നയുടെ പിതാവും രംഗത്ത് വന്നിരുന്നു. കേസ് അട്ടിമറിക്കാൻ തിരോധാനവുമായി ബന്ധമുള്ളവർ ഗൂഡാലോചന നടത്തുന്നുവെന്നായിരുന്നു ജസ്നയുടെ പിതാവ് ജെയിംസ് ജോസഫിൻ്റെ ആരോപണം.

മുണ്ടക്കയത്തെ ലോഡ്ജിൽ കണ്ടത് തൻ്റെ മകളയെല്ല. സിസിടിവി ദൃശ്യം നേരത്തേ കണ്ടിട്ടുണ്ടെന്നും അതിലുള്ളത് തൻ്റെ മകളല്ലെന്നുമാണ് ജോസഫ് വ്യക്തമാക്കിയത്. ‘സംശയം പ്രകടിപ്പിച്ച വനിത തന്നെ ഒരു മാസം മുമ്പ് വിളിച്ചിരുന്നു. ഇതേ കാര്യം തന്നെയാണ് അന്ന് പറഞ്ഞത്. തുടർന്ന് സിസിടിവി ദൃശ്യം പരിശോധിച്ചു. ‌സിബിഐയ്ക്കും ഇതേ സിസിടിവി ദൃശ്യം കൈമാറിയിരുന്നു. സിസിടിവി ദൃശ്യത്തിലുളളത് തൻ്റെ മകളല്ലെന്ന് പൊലീസിനും സിബിഐയ്ക്കും വ്യക്തമായിരുന്നു. നിലവിലെ സിബിഐ അന്വേഷണത്തിൽ തൃപ്തിയുണ്ട്. ലോഡ്ജുടമയും വെളിപ്പെടുത്തൽ നടത്തിയ വനിതയും തമ്മിൽ തർക്കമുണ്ടെന്നറിയാമെന്നു’മായിരുന്നു ജെയിംസ് ജോസഫിൻ്റെ പ്രതികരണം.

Related Articles

Back to top button