
താമരശ്ശേരി : ഞായറാഴ്ച പുലർച്ചെ നാലിനും അഞ്ചിനുമിടയിൽ വീശിയടിച്ച ശക്തമായ മിന്നൽച്ചുഴലി മലയോരമേഖലയിൽ വരുത്തിവെച്ചത് കനത്ത നാശനഷ്ടം. താമരശ്ശേരി ചുരം പാതയിലെ നാലാംവളവിലും രണ്ട്, ഒന്ന് വളവുകൾക്ക് സമീപവുമുൾപ്പെടെ വിവിധയിടങ്ങളിൽ മരങ്ങൾ ദേശീയപാതയിലേക്ക് കടപുഴകി വീണ് ഗതാഗതം ഏറെനേരം ഭാഗികമായി തടസ്സപ്പെട്ടു. മുക്കം അഗ്നിരക്ഷാസേനയും താമരശ്ശേരി ഹൈവേ പോലീസും സന്നദ്ധപ്രവർത്തകരും നാട്ടുകാരുമെല്ലാം ചേർന്നാണ് മരങ്ങൾ മുറിച്ചുമാറ്റി പുലർച്ചെ ആറരയോടെ ഗതാഗതതടസ്സം നീക്കിയത്.
അമ്പായത്തോട് മിച്ചഭൂമിയിൽ പുലർച്ചെ നാലിനുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽപ്പെട്ട് ഒട്ടേറെ വീടുകൾക്കാണ് തകർച്ച നേരിട്ടത്. മിച്ചഭൂമി ഒന്നാം പ്ലോട്ടിൽ താമസിക്കുന്ന ശോഭനയുടെ വീട് ചുഴലിക്കാറ്റിൽപ്പെട്ട് പൂർണമായും അയൽവാസിയായ വത്സലയുടെ വീട് മരംവീണ് ഭാഗികമായും തകർന്നു. സമീപത്തെ ഷാജിയുടെ വീടിന്റെ മേൽക്കൂര മരംവീണ് തകർന്നു. യമുനാ സുരേഷിന്റെ വീടിന്റെ ഭാഗവും കാറ്റിൽപ്പെട്ട് തകർന്നു. മിച്ചഭൂമി മൂന്നാം പ്ലോട്ടിലെ സരോജിനി, പാത്തുമ്മ, അമ്പായത്തോടിലെ ജലീഷ് എന്നിവരുടെ വീടുകൾക്കു മുകളിലും മരങ്ങൾ വീണ് മേൽക്കൂരകൾക്കും ഭിത്തികൾക്കും കേടുപാടുകൾ നേരിട്ടു. അമ്പായത്തോട് കറുപ്പംവീട്ടിൽ ഷംസുദ്ദീന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിനു മുകളിലേക്ക് മരംവീണ് കാർ തകർന്നു. പ്രദേശത്തെ നൂറോളം വാഴകളും കാറ്റിൽപ്പെട്ട് നിലംപൊത്തി.
പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിലിൽ ശ്രീധർമ ശാസ്താക്ഷേത്രത്തിനു മുകളിലേക്ക് കൂറ്റൻ മരം പൊട്ടിവീണു. അമ്പലത്തിലെ ഷെഡ് തകർന്നു. ഓടുകൾ പൊട്ടി. കട്ടിപ്പാറയിലെ കോളിക്കലിൽ വട്ടിക്കുന്നുമ്മൽ ഇല്യാസിന്റെ വീടിനു മുകളിലേക്ക് മാവ് മുറിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു. ഗ്രാമപ്പഞ്ചായത്തംഗം മുഹമ്മദ് മോയത്തിന്റെ നേതൃത്വത്തിൽ ഐഡിയൽ ഹെൽപ് ലൈൻ അംഗങ്ങളും പ്രദേശവാസികളും ചേർന്നു മരം വെട്ടിമാറ്റി. കൈതപ്പൊയിലിൽ ടി.കെ. സുബൈറിന്റെ വീടിന്റെ പോർച്ചിന് മുകളിലേക്ക് തെങ്ങ് മുറിഞ്ഞുവീണ് മേൽക്കൂരയിലെ ഓടുകൾ തകരുകയും കോൺക്രീറ്റ് സ്ലാബിന് കേടുപാടുകളുും സംഭവിച്ചു. കൈതപ്പൊയിൽ അങ്ങാടിയിൽ ഇസ്മായിലിന്റെ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് മുകളിൽ പാകിയ ഷീറ്റ് തെറിച്ചുപോയി.
താമരശ്ശേരി തേറ്റാമ്പുറത്ത് ചുഴലിക്കാറ്റ് വ്യാപക നാശമാണ് വിതച്ചത്. വി.പി. ബിനീഷിന്റെ കാടഫാമിനു മുകളിലേക്ക് പനയും തെങ്ങും കടപുഴകി വീണ് ഫാമിന്റെ ഷെഡ്ഡ് തകർന്നു. തേറ്റാമ്പുറം കെ.കെ. സദാനന്ദന്റെ വീടിന്റെ അടുക്കളയുടെ ചിമ്മിനിക്കൂടിന്റെ സ്ലാബും വാട്ടർ ടാങ്കും തെങ്ങുവീണ് തകർന്നു. എം. സന്തോഷിന്റെ വീടിനോടുചേർന്നുള്ള ഫർണിച്ചർ നിർമാണ ഷെഡ്ഡിന് മുകളിൽ പ്ലാവ് വീണ് മേൽക്കൂര തകർന്നു. മൊടപ്പിലാക്കിൽ മധുവിന്റെ പറമ്പിലെ രണ്ട് തേക്ക് മരങ്ങൾ കടപുഴകി. തേറ്റാമ്പുറം അങ്ങാടിയിലെ യൂസഫിന്റെ ഫ്ളാറ്റിന്റെ മുകളിലേക്ക് പ്ലാവ് വീണ് കെട്ടിടത്തിന് കേടുപാടുണ്ടായി. ഈർപ്പോണ മരം വീണ് സുഹറയുടെ അടുപ്പിന്റെ കുഴൽഭാഗം തകർന്നു.അമ്പായത്തോടും തേറ്റാമ്പുറത്തും വീടുകൾ തകർന്നു ചുരത്തിൽ പുലർച്ചെ മരങ്ങൾവീണ് ഗതാഗതം തടസ്സപ്പെട്ടു





